തലശേരി: നാടിന്റെ കലാസാംസ്‌കാരിക മനസുകളെ തൊട്ടുണർത്താൻ പിണറായി പെരുമ കൾച്ചറൽ ആൻഡ് ചാരിറ്റബിൾ സൊസൈറ്റി വിഭാവനം ചെയ്ത് സംഘടിപ്പിച്ചു വരുന്ന പിണറായി പെരുമ സർഗ്ഗോത്സവത്തിന് ഇന്ന് സന്ധ്യയോടെ പിണറായിയിൽ തിരശ്ശീല ഉയരും. 14 വരെ തുടരുന്ന സർഗ്ഗോത്സവത്തിൽ ആദ്യത്തെ 7 ദിവസം ജനപ്രിയ നാടകങ്ങളാണ് അവതരിപ്പിക്കുന്നത്. നാടക മേളയുടെ ഉദ്ഘാടനം ഇന്ന് രാത്രി 7 മണിക്ക് പിണറായി കൺവൻഷൻ സെന്ററിൽ സിനിമാ നാടക നടൻ സന്തോഷ് കീഴാറ്റൂർ നിർവ്വഹിക്കും.
സർഗ്ഗോത്സവത്തിന്റെ ഉദ്ഘാടനം 8 ന് വൈകിട്ട് 7ന് പിണറായി കൺവെൻഷൻ സെന്ററിന് സമീപം പ്രത്യേകം സജ്ജമാക്കിയ ഓപ്പൺ ഓഡിറ്റോറിയത്തിൽ കഥയുടെ കുലപതി ടി. പത്മനാഭൻ നിർവ്വഹിക്കും. ഗാനമേളകൾ, ഭരതനാട്യം, കോമഡി മെഗാഷോ, കവിയരങ്ങ്, കാവ്യവേദി, ഷോർട്ട് ഫിലിം ഫെസ്റ്റിവൽ, ജനപ്രിയ സിനിമകളുടെ പ്രദർശനം തുടങ്ങിയ പരിപാടികളാണ് സംഘടിപ്പിക്കുന്നത്. സൂര്യ കൃഷ്ണമൂർത്തിയാണ് പരിപാടികളുടെ സംവിധായകൻ. സിനിമാ താരങ്ങളായ ടൊവിനോ തോമസ് 11നും പ്രിയങ്കാ നായർ 12 നും സംയുക്ത മേനോൻ 13നും മുഖ്യാതിഥികളായി സംബന്ധിക്കും. സർഗ്ഗോത്സവത്തിന്റെ സമാപനം 14ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. പത്ര സമ്മേളനത്തിൽ ചെയർമാൻ കക്കോത്ത് രാജൻ, ജനറൽ കൺവീനർ ഒ.വി. ജനാർദ്ദനൻ, പ്രോഗ്രാം കമ്മിറ്റി കൺവീനർ കെ.യു. ബാലകൃഷ്ണൻ, എ. നിഖിൽ കുമാർ, ടി.പി. രാജീവൻ എന്നിവർ പങ്കെടുത്തു.