
കണ്ണൂർ: ഏഷ്യയിലെ ഏറ്റവും വലിയ ഡ്രൈവ് ഇൻബീച്ചുകളിലൊന്നായ മുഴപ്പിലങ്ങാട് വൻവികസനപദ്ധതികൾ നടപ്പിലാക്കാൻ ടൂറിസം വകുപ്പ് ഒരുങ്ങുമ്പോഴും അടിസ്ഥാനസൗകര്യങ്ങളിലില്ലാത്തത് ഇവിടെയെത്തുന്ന വിനോദസഞ്ചാരികളെ നെട്ടോട്ടമോടിക്കുന്നു. പഞ്ചാരമണൽ നിവർന്നു കിടക്കുന്ന ഈ അതിമനോഹരമായ കടൽതീരത്ത് നിത്യേന നൂറുകണക്കിന് വിനോദസഞ്ചാരികളാണ് മാനസികോല്ലാസത്തിനായെത്തുന്നത്. എന്നാൽ ഇവിടെ പൊതു ശൗചാലയമില്ലാത്തതാണ് സ്ത്രീകളും കുട്ടികളുമുൾപ്പെടെയുള്ള വിനോദസഞ്ചാരികളെ ദുരിതത്തിലാക്കുന്നത്.
ഇവിടെയെത്തുന്ന സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള വിനോദസഞ്ചാരികൾ ഇതിനായി സമീപത്തെ വീടുകളെയാണ് ആശ്രയിക്കുന്നത്.നിലവിലെ ചിൽഡ്രൻസ് പാർക്ക് ഉപയോഗശൂന്യമായ അവസ്ഥയിലാണിത്. ശൗചാലയമുൾപ്പെടെ പണിത് ഇതു നവീകരിച്ചാൽ കുട്ടികൾക്കും മുതിർന്നവർക്കും ഒരേ പോലെ ആശ്വാസകരമാകും. മാത്രമല്ല ഇതു ഗ്രാമപഞ്ചായത്തിന് നല്ലവരുമാനവും ഇതിലൂടെ നേടാൻ കഴിയുമെന്നാണ് പ്രദേശവാസികൾ പറയുന്നത്.
നല്ലൊരു റോഡു പോലുമില്ല
ടൂറിസം വകുപ്പിന്റെ പദ്ധതിയിൽ വൻഹോട്ടൽസമുച്ചയമടക്കം വിഭാവനം ചെയ്യുന്നുണ്ടെങ്കിലും ബീച്ചിലേക്കെത്തി ചേരാൻ നല്ലൊരു റോഡുപോലും ഇതുവരെയുണ്ടാക്കിയിട്ടില്ല. ദേശീയ പാതയിൽ നിന്ന് ബീച്ചിലേക്കുള്ള റോഡുകൾ വീതി കുറഞ്ഞതും ലെവൽക്രോസുകളുള്ളതുമാണ്. ഇതുമൂലം ഒരു തവണ വന്നവർ പിന്നീട് വരാൻ മടിക്കുകയാണ്. അവധിദിനങ്ങളിൽ ഇടുങ്ങിയ റോഡുകളിൽ ഗതാഗതകുരുക്ക് പതിവാണ്. ഇരുഭാഗവും വീടുകളുടെ മതിലുകളായതിനാൽ റോഡ് വീതികൂട്ടൽ അസാദ്ധ്യവും. പകരം എടക്കാട് റെയിൽവേ സ്‌റ്റേഷൻഭാഗത്തുനിന്നും ബീച്ചിലേക്ക് പുതിയ റോഡ് നിർമ്മിക്കണമെന്നാണ് ആവശ്യം. നേരത്തെ പയ്യാമ്പലത്തെയും മുഴപ്പിലങ്ങാട് ബീച്ചിനെയും ബന്ധിപ്പിച്ചു കെ. എസ്. ആർ.ടി.സി ചെയിൻസർവീസ് നടത്തിയിരുന്നുവെങ്കിലും പിന്നീട് നിലച്ചു. എന്നാൽ അവധിദിനങ്ങളിലെങ്കിലും ഒന്നോ രണ്ടോ ട്രിപ്പ് സർവീസ് നടത്തുകയാണെങ്കിൽ സഞ്ചാരികൾക്ക് ഏറെ പ്രയോജനപ്പെടുമെന്ന അഭിപ്രായവും ഉയർന്നിട്ടുണ്ട്.
അവധി ദിവസങ്ങളിൽ ഇവിടെയെത്തുന്ന ആളുകളുടെ എണ്ണം ഏറെയാണ്.അഞ്ചു കിലോമീറ്റർ നീണ്ടു കിടക്കുന്ന ഈ തീരത്ത് കടലിനെ നന്നായറിയുന്ന മത്സ്യത്തൊഴിലാളികളെ ഉൾപ്പെടുത്തി ലൈഫ് ഗാർഡുകളുടെ എണ്ണവും വർദ്ധിപ്പിക്കണം. ആൾക്കൂട്ടത്തിനിടയിൽ ഡ്രൈവിംഗ് പരിശീലനം നടത്തുന്നത് കർശനമായി നിരോധിക്കുകയും ചെയ്യണം(ജനുആയിച്ചാൻക്കണ്ടി പൊതുപ്രവർത്തകൻ)