news

കുറ്റ്യാടി: കുറ്റ്യാടി ടൗണിൽ അടിക്കടി ഉണ്ടാവുന്ന ഗതാഗതക്കുരുക്കിന് പരിഹാരം കണ്ടെത്തുന്നതിന്റെ ഭാഗമായി കുറ്റ്യാടി ഗ്രാമപഞ്ചാത്തും പൊലീസും സംയുക്തമായി രംഗത്ത്. ഇതിന്റെ ഭാഗമായി ടൗണിൽ ബോധവത്ക്കരണ യജ്ഞം നടത്തി. പഞ്ചായത്ത് റഗുലേറ്ററി കമ്മിറ്റിയുടെ നിർദ്ദേശപ്രകാരം നടപ്പിലാക്കിയിരുന്ന ട്രാഫിക്ക് നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ പൊലീസ് ഇനി കർശന നടപടി സ്വീകരിക്കും. പുതിയ ബസ് സ്റ്റാൻഡിൽ ഉൾപെടെ അനധികൃതമായി നിറുത്തിയിടുന്ന വാഹനങ്ങൾക്ക് പിഴ ഈടാക്കും. വടകര റോഡിൽ കുറ്റ്യാടി ടൗൺ മുതൽ വനം വകുപ്പ് ഓഫിസ് വരെയും തൊട്ടിൽ പാലം റോഡിൽ പെട്രോൾ പമ്പുവരെയും മരുതോങ്കര റോഡിൽ സിറാജുൽഹുദ്ദ വരെയും പേരാമ്പ്ര റോഡിൽ കെ.എം.സി ഹോസ്പിറ്റൽ വരെയും സ്വകാര്യ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് നിരോധിച്ച പഞ്ചായത്ത് റഗുലേറ്ററിയുടെ തീരുമാനം ലംഘിച്ചാൽ പൊലീസ് ശക്തമായ നടപടി സ്വീകരിക്കും. വാഹനം നിറുത്തിയിടാൻ കുറ്റ്യാടി ടൗണിലെ പേ പാർക്കിംഗ് സംവിധാനം ഉപയോഗപെടുത്തണം. പൊലീസ് നീരീക്ഷണത്തിന്റെ ഭാഗമായി പ്രവർത്തനരഹിതമായ സി.സി.ടി സി പ്രവർത്തിപ്പിക്കും, ഒട്ടോ പാർക്കിംഗിന് പ്രത്യേക ഭാഗം കണ്ടെത്തും. ഗതാഗത തടസ്ഥമുണ്ടാക്കുന്ന തരത്തിലുള്ള വഴിയോര കച്ചവടക്കാരെ റോഡിൽ നിന്നും മാറ്റി ആവശ്യമായ നടപടികൾ സ്വീകരിക്കും. ഗതാഗതക്കുരുക്കിൽ നിന്നും പരിഹാരം കാണാൻ ടൗണിലെ വ്യാപാരികൾ, ഡ്രൈവർമാർ, തൊഴിലാളി യൂണിയൻ പ്രവർത്തകരുടേയും നിർദ്ദേശങ്ങൾ പരിഗണിച്ച് തുടർ നടപടികൾ കൈകൊള്ളും. ഇതിന്റെ ഭാഗമായി ടൗണിൽ നടന്ന ബോധവത്ക്കരണ യഞ്ജത്തിൽ കുറ്റ്യാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ.മോഹൻദാസ്, കുറ്റ്യാടി സി.ഐ.ടി.പി ഫർഷാദ്, എസ്.ഐ കുഞ്ഞമ്മദ്, പഞ്ചായത്ത് അംഗങ്ങളായ പി.പി.ചന്ദ്രൻ, ഏ.സി.മജീദ്, ഹാഷിം നമ്പാടൻ വ്യാപാരി പ്രതിനിധികളായ ഒ.വി.ലത്തീഫ്, പി.പി ആലിക്കുട്ടി, എ.വി സുരേന്ദ്രൻ, കെ.പി കരുണൻ, അനസ് കുറ്റ്യാടി തുടങ്ങിയവർ പങ്കെടുത്തു.