raghavan
എം.കെ.രാഘവൻ

കോഴിക്കോട്: യുദ്ധമുഖം കൂടുതൽ കലുഷിതമായിരിക്കെ യുക്രെയ്‌നിലെ മലയാളി വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള ആയിരക്കണക്കിന് ഇന്ത്യക്കാരെ അയൽരാജ്യങ്ങൾ വഴി രക്ഷപ്പെടുത്താനുള്ള നടപടി വേഗത്തിലാക്കണമെന്ന് എം.കെ.രാഘവൻ എം.പി പ്രധാനമന്ത്രിയ്ക്ക് അയച്ച അടിയന്തര സന്ദേശത്തിൽ ആവശ്യപ്പെട്ടു. കേന്ദ്ര ഇടപെടൽ വൈകിയതാണ് ഷെല്ലാക്രമണത്തിൽ കർണാടക ഹവേരി സ്വദേശിയായ വിദ്യാർത്ഥിയുടെ ജീവൻ പൊലിയാനിടയാക്കിയതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

കിഴക്കൻ അതിർത്തിയിലുള്ള ഇന്ത്യക്കാരെ റഷ്യ വഴി തിരികെ കൊണ്ടുവരാനും തെക്ക് ഭാഗത്ത് അകപ്പെട്ടവരെ മോൾഡോവ വഴിയും നാട്ടിലെത്തിക്കാൻ സത്വര നടപടിയുണ്ടാവണം. ഇന്ത്യൻ വായുസേനയുടെ ഗ്ലോബ് മാസ്റ്റർ പോലുള്ള പ്രത്യേക ട്രാൻസ്‌പോർട്ട് വിമാനങ്ങളിൽ പരമാവധി ഇന്ത്യക്കാരെ തിരിച്ചെത്തിക്കണം.

ഷെല്ലാക്രമണം വർദ്ധിക്കുന്ന സാഹചര്യത്തിൽ അവിടെ തദ്ദേശീയർക്ക് മാത്രമാണ് ട്രെയ്‌ൻ യാത്രയ്ക്ക് മുൻഗണന ലഭിക്കുന്നത്. ഇന്ത്യക്കാർ യുക്രൈനിലെ നിയമപാലകരാൽ അക്രമിക്കപ്പെടുന്ന സാഹചര്യമാണ്. ബങ്കറുകളിൽ കഴിയുന്ന വിദ്യാർത്ഥികൾക്ക് സന്നദ്ധ സംഘടനകൾ മുഖേന ഭക്ഷണവും വസ്ത്രവുമുൾപ്പെടെ എത്തിക്കാൻ നടപടി ഊർജ്ജിതമാക്കണമെന്നും എം.പി അഭ്യർത്ഥിച്ചു.