സുൽത്താൻ ബത്തേരി: പഞ്ചായത്ത് കെട്ടിടനിർമ്മാണ ചട്ടം, ജില്ലാ ദുരന്ത നിവാരണ സമിതിയുടെ കെട്ടിട നിയന്ത്രണ നിയമം തുടങ്ങിയ നിയമങ്ങൾ ലംഘിച്ചുകൊണ്ട് ബാണാസുര സാഗർ റിസർവോയറിന് സമീപം സ്വകാര്യ കെട്ടിട സമുച്ചയത്തിന് നമ്പറിട്ട് ലൈസൻസ് നൽകിയ തരിയോട് ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്കെതിരെ നടപടിയെടുക്കണമെന്ന് വയനാട് പ്രകൃതി സംരക്ഷണ സമിതി ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് വകുപ്പ് മന്ത്രി, ഗവ.സെക്രട്ടറി, പഞ്ചായത്ത് ഡയറക്ടർ എന്നിവർക്ക് സമിതി മെയിൽ സന്ദേശമയച്ചു.
ഹൈക്കോടതി ഇവിടെ നിർമ്മാണങ്ങൾ നിരോധിച്ചിട്ടുണ്ട്. പഞ്ചായത്ത് ട്രിബൂണൽ ഭൂവികസന പെർമിറ്റും നിർമ്മാണത്തിനുള്ള ലൈസൻസും റദ്ദ് ചെയ്തിട്ടുണ്ട്. മലിനീകരണ നിയന്ത്രണ ബോർഡ്, ജിയോളജി വകുപ്പ് തുടങ്ങിയവയുടെ വിലക്കും ഉണ്ടെന്നും സമിതി ചൂണ്ടിക്കാട്ടി.
യോഗത്തിൽ തോമസ്സ് അമ്പലവയൽ അദ്ധ്യക്ഷനായിരുന്നു. എം.ഗംഗാധരൻ, അബു പൂക്കോട്, എൻ.ബാദുഷ എന്നിവർ പ്രസംഗിച്ചു.