mcc
വീരാട് കോഹ്‌ലിയ്ക്ക് അഭിനന്ദനവുമായി തീർത്ത പോസ്റ്ററുകൾ

കോഴിക്കോട്: നൂറാം ടെസ്റ്റിലേക്ക് കടക്കുന്ന മുൻ ഇന്ത്യൻ ക്യാപ്ടനും വിഖ്യാത ബാറ്റ്സ്‌മാനുമായ വീരാട് കോഹ്‌ലിയ്ക്ക് പന്ത്രണ്ടു ഭാഷകളിലായി അഭിനന്ദനം ചൊരിഞ്ഞ് വേറിട്ട പോസ്റ്റർ. മലബാർ ക്രിസ്ത്യൻ കോളേജിലെ ചരിത്ര വിഭാഗം അസോസിയേറ്റ് പ്രൊഫസറും ക്രിക്കറ്റ് ഗ്രന്ഥകാരനുമായ എം.സി.വസിഷ്ഠിന്റെ മുൻകൈയോടെ വിദ്യാർത്ഥികൾ തീർത്തതാണ് മലയാളത്തിലുൾപ്പെടെയുള്ള പോസ്റ്ററുകൾ. ശ്രീലങ്കക്കെതിരെയുള്ള ഇന്ത്യയുടെ ഒന്നാം ടെസ്റ്റ് കോഹ്‌ലിയുടെ നൂറാം ടെസ്റ്റാണ്. ദേശീയപതാകയിലെ ത്രിവർണ പശ്ചാത്തലത്തിൽ ഇംഗ്ലീഷിലും ഹിന്ദിയിലുമായുള്ളതിനു പുറമെ മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഒറിയ, ബംഗാളി, ആസാമീസ്, മറാട്ടി, ഗുജറാത്തി, പഞ്ചാബി ഭാഷകളിലാണ് പോസ്റ്റർ തയ്യാറാക്കിയത്. ഭാഷാ - സംസ്‌കാര - ജാതി - മത ഭേദമന്യേ ഇന്ത്യയെ ഒന്നിപ്പിക്കുന്ന ഘടകമാണ് ക്രിക്കറ്റെന്നിരിക്കെ മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്ടന് ആദരം അറിയിക്കാൻ ഇന്ത്യയിലെ വ്യത്യസ്ത പ്രാദേശിക ഭാഷകൾ കൂടി തിരഞ്ഞെടുക്കുകയായിരുന്നു. ക്രിക്കറ്റ് ദേശീയോദ്ഗ്രഥനത്തിന് എന്ന സന്ദേശമുയ‌ർത്തി തീർത്തതാണ് പോസ്റ്ററുകൾ.