കോഴിക്കോട്: എൻ.ജി.ഒ ക്വാർട്ടേർസിന് സമീപം തച്ചാംകോട് പട്ടികജാതി കോളനിയിൽ 11 വർഷം മുമ്പ് നിർമ്മിച്ച വിജ്ഞാനവാടി കെട്ടിടം ഏറ്റെടുക്കാനുള്ള കോർപ്പറേഷൻ നീക്കത്തിനെതിരെ പ്രതിഷേധവുമായി ദളിത് സംഘടനകൾ.പൂട്ടിക്കിടക്കുന്ന കെട്ടിടം വാർഡിന്റെ വികസനപ്രവർത്തനങ്ങൾക്കായി ഉപയോഗിക്കാമെന്ന ഉദ്ദേശത്തോടെയാണ് ഏറ്റെടുക്കുന്നത്. എന്നാൽ പട്ടികജാതിക്കാർക്ക് വേണ്ടി നടപ്പാക്കിയ പദ്ധതി മുന്നോട്ട് കൊണ്ടുപോകാതെ പൂട്ടിക്കിടന്നെന്ന പേരിൽ മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ ശ്രമിക്കുകയാണെന്ന് ദളിത് സംഘടനകൾ ആരോപിക്കുന്നു.
അമ്പതുവർഷം മുമ്പ് പട്ടിക വിഭാഗത്തിൽപ്പെട്ടവർക്ക് സർക്കാർ പതിച്ചു നൽകിയ ഭൂമിയിലാണ് 2011ൽ യു.ഡി.എഫ് സർക്കാർ പട്ടികജാതി-വർഗ ഫണ്ട് ഉപയോഗിച്ച് വിജ്ഞാനവാടി നിർമ്മിച്ചത്. വിവര സാങ്കേതിക വിദ്യയിൽ പട്ടിക വിഭാഗക്കാരെയും മുൻനിരയിലെത്തിക്കുകയായിരുന്നു വിജ്ഞാനവാടിയുടെ ലക്ഷ്യം. എന്നാൽ ഇന്റർനെറ്റ് സൗകര്യമുള്ള കമ്പ്യൂട്ടറുകൾ, വായനശാല, ശുചിമുറി, വൈദ്യുതി, വെള്ളം എന്നിവയൊന്നും സജ്ജീകരിക്കാതെ വിജ്ഞാനവാടി വെറും കെട്ടിടം മാത്രമായി. ഒരു പതിറ്റാണ്ടിലേറെയായിട്ടും ഇവയൊന്നും നടപ്പാക്കിയതുമില്ല. വർഷങ്ങളായി പൂട്ടിക്കടക്കുകയാണ്. കേരളാ പൊലീസ് കൺസ്ട്രക്ഷൻ അക്കാഡമിക്കായിരുന്നു കെട്ടിടത്തിന്റെ നിർമ്മാണ ചുമതല.
'കെട്ടിടം പ്രദേശത്തുള്ളവർക്ക് ഗുണകരമായ രീതിയിൽ വാതിൽപ്പടി സേവനങ്ങൾ ഉൾപ്പെടെ നടപ്പാക്കുന്നതിന് ഉപയോഗപ്പെടുത്താനാണ് ആലോചിക്കുന്നത്. കെട്ടിടം തട്ടിയെടുക്കാനുള്ള ശ്രമമല്ല. സർക്കാർ നിർമ്മിച്ച കെട്ടിടം സ്വകാര്യ വ്യക്തികൾ ഉപയോഗിക്കുന്ന സാഹചര്യമുണ്ട് '. ടി.കെ.ചന്ദ്രൻ,കോർപ്പറേഷൻ കൗൺസിലർ
# കെട്ടിടം മറ്റാവശ്യങ്ങൾ ഉപയോഗിക്കരുത് കേരളാ ദളിത് ഫെഡറേഷൻ
പട്ടിക വിഭാഗങ്ങളുടെ ഉന്നമനത്തിന് നീക്കിവെച്ച തുകയിൽ കോളനിയിൽ നിർമ്മിച്ച കെട്ടിടം തട്ടിയെടുക്കാനുള്ള നീക്കങ്ങൾക്കെതിരെ ബഹുജന പ്രക്ഷോഭം ആരംഭിക്കുമെന്ന് കേരളാ ദളിത് ഫെഡറേഷൻ(ഡി) ജില്ലാ പ്രസിഡന്റ് പി.ടി. ജനാർദ്ദനൻ, പട്ടികജാതി- വർഗ സംരക്ഷണ സമിതി രക്ഷാധികാരി സതീഷ് പാറന്നൂർ എന്നിവർ വ്യക്തമാക്കി. അസൗകര്യങ്ങൾ പരിഹരിച്ച് കോളനിയിലെയും സമീപ പ്രദേശങ്ങളിലെയും പട്ടിക വിഭാഗങ്ങൾക്ക് ഉപകാരപ്പെടുന്ന വിധത്തിൽ കെട്ടിടം മാറ്റണം. 2011ൽ യു.ഡി.എഫ് സർക്കാർ സംസ്ഥാനത്ത് 1000 വിജ്ഞാനവാടികൾ നിർമ്മിക്കുന്നതിന് പട്ടികജാതി വികസന വകുപ്പ് വഴി കേരളാ പൊലീസ് കൺസ്ട്രക്ഷൻ അക്കാഡമിക്ക് 50 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും നാമമാത്ര തുക മാത്രമാണ് ഈയിനത്തിൽ ചെവഴിച്ചതെന്നും സംഘടനകൾ ആരോപിച്ചു.