നടവയൽ: നാലു വർഷം മുമ്പ് ഭർത്താവ് കാൻസർ രോഗം വന്ന് വിടപറഞ്ഞപ്പോൾ മൂന്ന് പെൺമക്കളുമായി നിസ്സഹായാവസ്ഥയിലായിരുന്നു നടവയലിലെ മിനി തങ്കച്ചൻ. കൂൺ കൃഷിയിലൂടെ ഇന്ന് ജീവിതം കരുപിടിപ്പിക്കുകയാണ് അവർ. വയനാട് സോഷ്യൽ സർവീസ് സൊസൈറ്റിയുടെ ഫാമിലി ഡെവലപ്‌മെന്റ് പ്രോഗ്രാമിൽ അംഗമായ മിനി തങ്കച്ചന് കൂൺ കൃഷിയിലൂടെ മാസം പതിനായിരം രൂപയോളം സമ്പാദിക്കാനാവുന്നുണ്ട്. പനമരം ഗ്രാമ പഞ്ചായത്ത് നടപ്പിലാക്കിയ ജൈവഗൃഹം പദ്ധതിയിലൂടെയാണ് മിനി തങ്കച്ചൻ രണ്ടു വർഷം മുമ്പ് കൂൺ കൃഷി ആരംഭിച്ചത്. അമ്പലവയൽ കാർഷിക ഗവേഷണത്തിൽ നിന്ന് ശാസ്ത്രീയമായ കൂൺ കൃഷിയിൽ പരിശീലനം ലഭിച്ചു. ബാംഗ്ലൂർ കാർഷിക സർവ്വകലാശാലയിൽ നിന്നാണ് കൃഷിക്കാവശ്യമായ വിത്ത് എത്തിക്കുന്നത്. ഓരോ മാസവും 50 കിലോഗ്രാം വിത്തിന്റെ കൂൺ കൃഷി മിനിയും മക്കളും ചെയ്യുന്നുണ്ട്.

50 കിലോഗ്രാം വിത്തിൽനിന്ന് 250 ബെഡുകൾ കൃഷിചെയ്യുവാൻ സാധിക്കും. വിത്തിട്ട് 25 ദിവസം കഴിഞ്ഞ് വിളവെടുപ്പ് ആരംഭിക്കും. അര കിലോഗ്രാമിന്റെ ഒരു പാക്കറ്റ് 70 രൂപ നിരക്കിൽ ആണ് വില്പന. വയനാടിന്റെ കാലാവസ്ഥയിൽ വീട്ടമ്മമാർക്ക് നല്ല വരുമാനമാർഗമാണ് കൂൺകൃഷിയെന്ന് മിനി പറയുന്നു.