പുൽപ്പള്ളി: ഒരു വർഷത്തിലേറെ നീണ്ട കാത്തിരിപ്പിനുശേഷം കബനി നദിയിലൂടെ പുനരാരംഭിച്ച തോണി കടത്ത് സർവ്വീസ് കർണാടക പൊലീസ് തടഞ്ഞു. ഇൻഷൂറൻസ് ഇല്ലാതെ തോണി സർവ്വീസ് അനുവദിക്കില്ലെന്ന നിലപാടിലാണ് പൊലീസ്.

പെരിക്കല്ലൂർ കടവിൽ നിന്ന് ബൈരക്കുപ്പ കടവിലേക്ക് തോണി സർവ്വീസ് നടത്താൻ ഇതോടെ കർണാടക ഭാഗത്തുള്ള തോണികൾക്ക് മാത്രമാണ് അനുമതി ലഭിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസമാണ് ഏറെ കാലത്തിനുശേഷം തോണി സർവ്വീസ് പുനരാരംഭിച്ചത്. കർണാടക ഭാഗത്തുനിന്നുള്ള മൂന്ന് തോണികൾക്കാണ് അനുമതി നൽകിയത്. ഇവയ്ക്ക് മാത്രമാണ് ഇൻഷൂറൻസ് ഉള്ളതെന്നാണ് പറയുന്നത്. പെരിക്കല്ലൂർ ഭാഗത്തുള്ള 14 തോണിക്കാർക്ക് ലൈസൻസ് നൽകിയിട്ടില്ല. ഇതേത്തുടർന്ന് കർണാടക പൊലീസ് കഴിഞ്ഞ ദിവസം തോണി സർവ്വീസ് തടഞ്ഞിരുന്നു.

തർക്കത്തെത്തുടർന്ന് പുൽപ്പള്ളി പൊലീസും ഗ്രാമപഞ്ചായത്ത് അംഗങ്ങളും പ്രശ്നത്തിൽ ഇടപെട്ടു. ഒരാഴ്ചയ്ക്കുളളിൽ ഇൻഷൂറൻസ് എടുത്തശേഷം യാത്രക്കാരെ തോണിയിൽ കയറ്റിയാൽ മതിയെന്നാണ് തീരുമാനം.
ബൈരക്കുപ്പ പഞ്ചായത്ത് അംഗങ്ങളായ വെങ്കിട്ട ഗൗഡ, ഒസൂർ പുട്ടണ്ണൻ, ബെള്ളൈ രമേശൻ, ദേവേശ ഗൗഡ, മുള്ളൻകൊല്ലി പഞ്ചായത്ത് അംഗങ്ങളായ ജോസ് നെല്ലേടം, കലേഷ്, എസ്.ഐ കെ.വി.ബെന്നി, തോണി ഉടമ പ്രതിനിധികളായ സെൽവരാജ്, രാജു എന്നിവർ ചർച്ചയിൽ പങ്കെടുത്തു.