1

കോഴിക്കോട്: ശിവക്ഷേത്രങ്ങളിൽ പഞ്ചാക്ഷരീ മന്ത്രം ജപിച്ച് വിശ്വാസികൾ മഹാശിവരാത്രി ഭക്ത്യാദരവോടെ ആഘോഷിച്ചു. വിശേഷാൽ പൂജകൾക്കും ചടങ്ങുകൾക്കും പുറമെ കലാപരിപാടികളും ഒരുക്കിയിരുന്നു. മിക്ക ക്ഷേത്രങ്ങളിലും. പുലർച്ചെ ആരംഭിച്ച ചടങ്ങുകൾ അർദ്ധരാത്രി ശിവരാത്രി പൂജ, വിളക്ക് എഴുന്നള്ളിപ്പ് എന്നിവയോടെയാണ് സമാപിച്ചത്. രാവിലെ അഷ്ടാഭിഷേകം, വിശേഷാൽ പൂജകൾ, അർച്ചന, ശിവ പഞ്ചാക്ഷരീ മന്ത്രനാമജപ പ്രദക്ഷിണം,വിളക്ക് എഴുന്നള്ളിപ്പ്, ഇളനീർ അഭിഷേകം, അഖണ്ഡനാമജപം, അന്നദാനം, ആദ്ധ്യാത്മിക പ്രഭാഷണം, ശനിരുദ്രജപം, ഭജന തുടങ്ങിയ പാരമ്പര്യ ചടങ്ങുകൾ നടന്നു.

പുലർച്ചെ മുതൽ തന്നെ ക്ഷേത്രങ്ങളിലേക്ക് ഭക്ത ജനങ്ങൾ എത്തിയിരുന്നു. ശിവക്ഷേത്രങ്ങളിലെല്ലാം വൻ തിരക്കാണ് അനുഭവപ്പെട്ടത്. മണിക്കൂറുകളോം കാത്ത് നിന്നാണ് പലരും ശിവഭഗവാനെ തൊഴുതത്. പൂർണ ഉപാസം എടുത്തും ഒരിക്കൽ എടുത്തും ഭക്തർ ശിവചൈതന്യത്തിനായി പ്രാർത്ഥിച്ചു.

ശ്രീകണ്‌ഠേശ്വരക്ഷേത്രത്തിൽ കഴിഞ്ഞ എട്ട് ദിവസമായി നടന്നു വരുന്ന ശിവരാത്രി മഹോത്സവം ഭക്തിസാന്ദ്രമായി. പുലർച്ചെ പള്ളിയുണർത്തലിനുശേഷം മഹാദേവന് വിശേഷാൽ രുദ്രാഭിഷേകവും കാഴ്ച ശ്രീബലിയും ഏകാദശ രുദ്രദജപം, മന്ത്രോച്ചാരണം, ശ്രീകണ്‌ഠേശ്വരക്ഷേത്ര ഭജന സമിതിയുടെ ഭജന, എഴുന്നള്ളിപ്പ് എന്നിവയും ഉണ്ടായിരുന്നു. വൈകുന്നേരം പാർത്ഥസാരഥി മണ്ഡപത്തിൽ നടന്ന ശിവസഹസ്രനാമാർച്ചനയിൽ നൂറുകണക്കിന് ഭക്തജനങ്ങൾ പങ്കെടുത്തു. രാത്രി ആറാട്ടു കഴിഞ്ഞ് എഴുന്നള്ളിപ്പോടുകൂടി കൊടിയിറക്കി. തുടർന്ന് കരിമരുന്ന് പ്രയോഗവും നടന്നു. ശിവരാത്രി വിശേഷാൽ പൂജയോടെ ഇക്കൊല്ലത്തെ ശിവരാത്രി ഉത്സവത്തിന് സമാപനമായി.
ക്ഷേത്രം തന്ത്രി പറവൂർ രാകേഷ് തന്ത്രി,മേൽശാന്തി കെ വി ഷിബുശാന്തി എന്നിവരുടെ കാർമികത്വത്തിലായിരുന്നു ശിവരാത്രി ഉത്സവ ചടങ്ങുകൾ.
ക്ഷേത്രയോഗം പ്രസിഡന്റ് പി.വി. ചന്ദ്രൻ, വൈസ് പ്രസിഡന്റ് പി. സുന്ദർദാസ്, ജനറൽ സെക്രട്ടറി ഇ. സുരേഷ്ബാബു,ജോയന്റ് സെക്രട്ടറി കെ. സജീവ്‌സുന്ദർ, ട്രഷറർ കെ.വി. അരുൺ, സ്റ്റിയറിംഗ് കമ്മിറ്റി കൺവീനർ എം.പി. രമേഷ് എന്നിവർ നേതൃത്വം നൽകി.

തളി മഹാക്ഷേത്രത്തിൽ 27ന് ആരംഭിച്ച ശിവരാത്രി വിളക്ക് ആഘോഷങ്ങൾ വിളക്കേഴുന്നത്തോടെ അവസാനിച്ചു. മൂന്ന് ദിവസങ്ങളിലായി നടന്ന ശിവരാത്രി മഹോത്സവ ആഘോഷങ്ങൾ സാമൂതിരി രാജ വിളക്ക്,തന്ത്രി വിളക്ക്, ശിവരാത്രി ദിനത്തിൽ ദേവസ്വം വിളക്ക് എന്നിങ്ങനെയാണ് ക്രമീകരിച്ചിരുന്നത്.
മഹാ ശിവരാത്രി ദിനത്തിൽ താളവാദ്യ കുലപതി പത്മശ്രീ മട്ടന്നൂർ ശങ്കരൻ കുട്ടി മാരാരുടെ നേതൃത്വത്തിൽ മട്ടന്നൂർ ശ്രീകാന്ത്, മട്ടന്നൂർ ശ്രീരാജ് എന്നിവർ ചേർന്നുള്ള ട്രിപ്പിൾ തായമ്പക ആസ്വാദകരിൽ ആവേശം നിറച്ചു. ക്ഷേത്രം തന്ത്രി ചേന്നാസ് ശങ്കരനാരായണൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിലാണ് ശിവരാത്രി വിളക്ക് മഹോത്സവ ചടങ്ങുകൾ നടന്നത്.

തളി ശ്രീ മഹാഗണപതി ശ്രീ ബാലസുബ്രഹ്മണ്യ ക്ഷേത്രം, ശ്രീ ഒല്ലൂർ ശിവക്ഷേത്രം, ശ്രീ കാ‌ഞ്ഞിലശ്ശേരി മഹാശിവക്ഷേത്രം, ആഴ്ചവട്ടം ശിവക്ഷേത്രം, ശിവപുരി ശിവക്ഷേത്രം, ചാലപ്പുറം കൊക്കോഴിക്കോട് ശിവക്ഷേത്രം, തിരുവണ്ണൂർ മഹാശിവക്ഷേത്രം, പൊക്കുന്ന് കിണാശ്ശേരി ശിവക്ഷേത്രം, പൂവങ്ങൽ ശിവക്ഷേത്രം, നല്ലൂർ ശിവക്ഷേത്രം, അരിയിൽ ശിവക്ഷേത്രം, പുതുക്കോട് ശങ്കരനാരായണ ക്ഷേത്രം, ഇടിമൂഴിക്കൽ തിരുവങ്ങാട് മഹാശിവക്ഷേത്രം, കക്കോടി മോരിക്കര കാരാട്ട് ശിവക്ഷേത്രം, തൃക്കോട്ടൂർ മഹാഗണപതി ക്ഷേത്രം, പെരുമാൾപുരം ശിവക്ഷേത്രം, കൊയിലാണ്ടി കൊരയങ്ങാട് തെരു മഹാഗണപതി ക്ഷേത്രം, കാരന്തൂർ ഹരഹര മഹാദേവ ക്ഷേത്രം, ഉള്ളിയേരി ആതകശ്ശേരി മഹാശിവക്ഷേത്രം, നന്മണ്ട തളി മഹാശിവക്ഷേത്രം, ചാലിയം ശ്രീകണ്‌ഠേശ്വരം, ബാലുശ്ശേരി പൊന്നരംതെരു മഹാഗണപതി ക്ഷേത്രം, നന്മണ്ട നമ:ശിവായ ക്ഷേത്രം, കുറ്റ്യാടി കുഞ്ഞുമഠം മഹാദേവ മഹാവിഷ്ണു ക്ഷേത്രം, താമരശ്ശേരി വെഴുപ്പൂർ ശ്രീ മഹാദേവ ക്ഷേത്രം, വടകര ആയഞ്ചേരി ശിവക്ഷേത്രം മുക്കം തൃക്കുടമണ്ണ ശിവക്ഷേത്രം, മാവൂർ തീർത്ഥക്കുന്ന്, തളി വേട്ടക്കൊരുമകൻ ക്ഷേത്രം, മാങ്കാവ് തേനാംകുന്ന് ശിവക്ഷേത്രം,പന്തീരാങ്കാവ് ചോന്നാംകുന്ന് ശിവ ക്ഷേത്രം, വയനാട് റോഡ് ശ്രീശിവപുരി മഹാശിവക്ഷേത്രം, ചേളന്നൂർ മഹാശിവക്ഷേത്രം എന്നിവിടങ്ങളിലെല്ലാം ശിവരാത്രി ആഘോഷിച്ചു.