കോഴിക്കോട്: പൾസ് പോളിയോ ഇമ്മ്യൂണൈസേഷന്റെ മൂന്നാം ദിനം 8,460 കുഞ്ഞുങ്ങൾക്ക് പോളിയോ പ്രതിരോധ തുള്ളിമരുന്ന് നൽകിയതായി ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള 102 പേർക്കും യാത്രക്കാരായ 142 പേർക്കും വീടുകൾ തോറും സന്ദർശനം നടത്തി 8214 പേർക്കുമാണ് തുള്ളി മരുന്ന് നൽകിയത്.
5 വയസ്സ് വരെയുള്ള എല്ലാ കുട്ടികൾക്കും പോളിയോ പ്രതിരോധ തുള്ളിമരുന്ന് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ആരോഗ്യ പ്രവർത്തകരും പ്രത്യേക പരിശീലനം നേടിയ സന്നദ്ധ സേവകരും 3,77,352 ഭവനങ്ങളിൽ സന്ദർശനം നടത്തി. ഇതോടെ ഈ പ്രായത്തിലുള്ള 2,24,353 കുട്ടികൾക്ക് (98 ശതമാനം) പോളിയോ പ്രതിരോധ തുള്ളി മരുന്ന് നൽകുകയും 8,02,497 വീടുകളിൽ സന്ദർശനം പൂർത്തിയാക്കുകയും ചെയ്തു. ജില്ലയിലെ ബാക്കിയുള്ള വീടുകൾ ബുധനാഴ്ച ആരോഗ്യ സന്നദ്ധ പ്രവർത്തകർ സന്ദർശിക്കുകയും എല്ലാ കുട്ടികൾക്കും തുള്ളിമരുന്ന് ലഭിച്ചു എന്ന് ഉറപ്പുവരുത്തുകയും ബോധവത്ക്കരണ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യും.