കുറ്റ്യാടി: യുക്രെയിനിലെ കനത്ത ബോംബിംഗിനിടയിലും റൊമേനിയൻ അതിർത്തിയിലെത്തിയ അറുപതോളം ഇന്ത്യൻ വിദ്യാർത്ഥികൾക്ക് അവഗണനയും ദുരിതവും. രണ്ടുദിവസം മുമ്പാണ് ഇവർ പഠിക്കുന്ന വിനിത്സ സ്റ്റെയിറ്റ്സിലെ പിറഗോവ് നാഷണൽ സർവകലാശാല റോമേനിയൻ അതിർത്തി പ്രദേശത്തേക്ക് വാഹനം ഏർപ്പാടാക്കിയത്. തീർത്തും ക്ഷീണിതരായ വിദ്യാർത്ഥികളിൽ ചിലർക്ക് ആസ്തമ ഉൾപ്പെടെയുള്ള രോഗവും ബാധിച്ചിരുന്നു. അതിർത്തിയിൽ ഇന്ത്യൻ എംബസി സഹായത്തിന് ഉണ്ടാവുമെന്ന പ്രതീക്ഷയായിരുന്നു. പക്ഷെ, ഇന്ത്യൻ അധികാരികൾ ആരും തന്നെ ഉണ്ടായിരുന്നില്ലെന്ന് വിനിത്സ നാഷണൽ മെഡിക്കൽ സർവകലാശാലയിലെ ഒന്നാംവർഷ വിദ്യാർത്ഥിനി കുറ്റ്യാടിയിലെ വാഴാട്ട് സാനിയ പറയുന്നു. ഈജിപ്ത് ഉൾപ്പെടെയുള്ള രാജ്യങ്ങൾ തങ്ങളുടെ പൗരൻമാരെ കൊണ്ടുപോവാൻ വന്നിരുന്നു. റൊമേനിയൻ സർക്കാരും പൊലീസും നൽകിയ താത്ക്കാലിക ഷെൽട്ടറിലാണ് ഇന്ത്യക്കാർ കഴിയുന്നത്. വെള്ളവും ഭക്ഷണവും അവർ തരുന്നുണ്ട്. ഇന്ത്യൻ എംബസിയുമായി ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ ആവശ്യമായ ഇടപെടൽ നടക്കുന്നില്ല. സാനിയയെ കൂടാതെ കുറ്റ്യാടി അടുക്കത്ത് സ്വദേശി റാണിയ, പാലേരിയിലെ ഫിദ ഷെറിൻ എന്നിവരും റൊമേനിയൻ സർക്കാർ അനുവദിച്ച താത്ക്കാലിക ഷെൽട്ടറിൽ കഴിയുന്നുണ്ട്. മുന്നൂറിലധികം കിലോമീറ്റർ സഞ്ചരിച്ചാണ് ഇവർ റൊമേനിയൻ അതിർത്തി പ്രദേശത്ത് എത്തിയത്.