
കൊയിലാണ്ടി: വെറ്റിനറി ഡോക്ടർമാരുടെ സേവനം രാത്രിയിലും ലഭ്യമാക്കാൻ സംവിധാനമേർപ്പെടുത്തുമെന്ന് മന്ത്രി പറഞ്ഞിട്ട് അഞ്ച് വർഷം പിന്നിട്ടെങ്കിലും കൊയിലാണ്ടി മൃഗാശുപത്രിയിൽ രാത്രിയിൽ മാത്രമല്ല പകലും ഡോക്ടർ ഇല്ല. സർക്കാരും നഗരസഭയും വളത്തു മൃഗങ്ങളോട് കാണിക്കുന്നത് ക്രൂരത. ആവശ്യത്തിന് ജീവനക്കാരുമില്ല സൗകര്യവുമില്ല.
കഴിഞ്ഞ ദിവസം നായ കടിച്ച രണ്ട് കോഴികളുമായി മൃഗാശുപത്രിയിലെത്തിയ വിയ്യൂർ പാണക്കുനിതാഴ സുനിലിന് ഡോക്ടർ ഇല്ലാത്തതിനാൽ തിരിച്ച് പോകേണ്ടി വന്നു. നേരത്തേയും ഇത്തരം അനുഭവമുണ്ടായതായി സുനിൽ പറഞ്ഞു. രോഗം ബാധിച്ച നായയുമായി എത്തിയ ആളോട് ജില്ലാ ആശുപത്രിയിൽ പോകാനാണ് ജീവനക്കാർ ഉപദേശിച്ചത്. ആയിരത്തിലധികം രൂപ ഇയാൾക്ക് ചെലവ് വരും. ഡോക്ടർ ഒരിക്കലും ആശുപത്രിയിൽ ഉണ്ടാകാറില്ലെന്നും പുറത്തു ചുമരിൽ എഴുതി വെച്ച ഫോൺ നമ്പറിൽ വിളിച്ചാണ് ചികിത്സ നേടിയിരുന്നതെന്നും ആളുകൾ പറയുന്നു. പ്രസ്തുത ഡോക്ടർ സ്ഥലം മാറിപ്പോയതിന് ശേഷം വന്ന
ഡോക്ടറാവട്ടെ ട്രെയിനിംഗിന് പോയിരിക്കുകയാണ്. താത്ക്കാലിക ചുമതല ചെങ്ങോട്ട് കാവ് പഞ്ചായത്തിലെ ഡോക്ടർക്കാണ്. അദ്ദേഹം ബുധനാഴ്ച മാത്രമാണ് കൊയിലാണ്ടിയിലെത്തി മൃഗങ്ങളെ പരിശോധിക്കുന്നത്. അതിനിടയിൽ രോഗബാധിതരായ മൃഗങ്ങൾക്കും പക്ഷികൾക്കും വിധി മരണം. മൃഗാശുപത്രി സ്ഥിതി ചെയ്യുന്നത് 33ാം ഡിവിഷനിലാണ്. രാത്രി ഡ്യൂട്ടിക്ക് എത്തിയ താത്ക്കാലിക
ഡോക്ടർ അസൗകര്യവും ഭീതിയും കാരണം ജോലി ഒഴിവാക്കി പോയതാണ്. നഗരസഭയും തികഞ്ഞ അലംഭാവമാണ് മൃഗങ്ങളോടു കാണിക്കുന്നത്. 2021-22 ബജറ്റിൽ മരുന്നു വാങ്ങാൻ 4 ലക്ഷം രൂപയാണ് നീക്കിവെച്ചത്. ഇത് ആദ്യത്തെ മൂന്നു മാസം കൊണ്ട് തീരുമെന്നാണ് ജീവനക്കാർ പറയുന്നത്. പിന്നെ സ്വകാര്യ ഷോപ്പ് തന്നെ അഭയം.
പുതിയ കെട്ടിടത്തിനായി മണമലിൽ സ്ഥലം വാങ്ങിയിട്ട് വർഷങ്ങളായെങ്കിലും കെട്ടിടം പണി ഇനിയും തുടങ്ങിയിട്ടില്ല.
ജീവനക്കാർക്ക് പിടിപ്പത് പണി
നഗരസഭയിൽ 1150 പശുവും 35 എരുമകളുമാണുള്ളത്. ഇവ കൂടാതെ കോഴി,താറാവ്, ഓമന മൃഗങ്ങളും ഏറെയാണ്. ശനിയാഴ്ചയാണ് ഓമന മൃഗങ്ങൾക്കുള്ള കുത്തിവെപ്പ്. ശരാശരി 30 കുത്തിവപ്പുകൾ വരെ വരും. ഡോക്ടറും ലൈഫ് സ്റ്റോക്ക് ഇൻസ്പക്ടറും ഉൾപ്പെടെ 4 പേരാണ് ഉള്ളത്. കൂടാതെ കർഷകരുടെ ഉന്നമനത്തിനായി നഗര സഭാ പദ്ധതികളായ പാൽ ഇൻസെന്റീവ്, കന്നുകുട്ടി പരിപാലനം, പോത്ത് വളർത്തൽ, കിടാരിവിതരണം കാലിതീറ്റ സബ്സിഡി, കോഴി വിതരണം ഇതിന്റെയൊക്കെ മേൽനോട്ടവും മൃഗാശുപത്രിക്കാണ്. കാവും വട്ടത്തെ സബ്ബ് സെന്ററും താലൂക്ക് ആശുപത്രിയുടെ കീഴിലാണ്. ഇതിന് പുറമെ ക്ലറിക്കൽ വർക്കും ചെയ്യണം.
വെറ്റിനറി ഡോ ക്ടർ ട്രയിനിംഗിന് പോയതാണ്. താത്ക്കാലിക സംവിധാനം ഒരുക്കിയിട്ടുണ്ട്. രാത്രി ഡ്യൂട്ടിക്ക് ഉടൻ ഡോക്ടറെ നിയമിക്കും. അഡ്വ.കെ സത്യൻ നഗരസഭ വൈസ് ചെയർമാൻ
മൃഗാശുപത്രി നോക്കുകുത്തിയായി മാറി. ആവശ്യമായ നടപടികൾ നഗരസഭയുടെ ഭാഗത്തു നിന്ന് ഉണ്ടാവണം.
എ. അസീസ്, വാർഡ് കൗൺസിലർ