കൽപ്പറ്റ: കേരള ഗ്രാമീൺ ബാങ്കിലെ താത്ക്കാലിക നിയമനങ്ങൾ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് മുഖേന മാത്രം നടത്തണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. ഗ്രാമീൺ ബാങ്ക് ജനറൽ മാനേജർക്കാണ് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ഉത്തരവ് നൽകിയത്.
ഓഫീസ് അറ്റന്റന്റ് തസ്തികയിൽ ജീവനക്കാരുടെ ബന്ധുക്കളെയും പരിചയക്കാരെയുമാണ് നിയമിക്കുന്നതെന്നാരോപിച്ച് ഡിഫറന്റിലി ഏബിൾഡ് പീപ്പിൾസ് ലീഗിന് വേണ്ടി പ്രസിഡന്റ് ഹംസ സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്. എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചുകളിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള തങ്ങളെ ഇതുവരെ ഒരു ജോലിക്കും വിളിച്ചിട്ടില്ലെന്നാണ് പരാതി. എന്നാൽ ദിവസവേതനാടിസ്ഥാനത്തിൽ നടക്കുന്ന നിയമനങ്ങളിൽ 2017 മുതൽ ഒഴിവുകളില്ലെന്ന് ബാങ്ക് ജനറൽ മാനേജർ വ്യക്തമാക്കി.