കോഴിക്കോട്: ലൈഫ് പദ്ധതിയിൽ അപേക്ഷിച്ച അർഹരായവർക്കെല്ലാം വീട് നൽകണമെന്ന് കോർപ്പറേഷൻ കൗൺസിൽ യോഗം. ഈ മാസം 15ന് സംസ്ഥാന സർക്കാർ അർഹരായവരുടെ കരടുപട്ടിക പുറത്തിറക്കാനിരിക്കെയാണ് കോർപ്പറേഷൻ കൗൺസിലിന്റെ പൊതുവികാരം. രേഖകൾ നൽകാൻ ആവശ്യമായ സമയം ലഭിച്ചില്ലെന്ന പരാതി കൗൺസിലർമാർ ഉന്നയിച്ചു. ഇന്നലെ വരെയാണ് രേഖകൾ സ്വീകരിച്ചത്. 1195 പേർ അപേക്ഷിച്ചതിൽ നാലിലൊന്ന് പേർക്ക് മാത്രമാണ് രേഖകൾ ഹാജരാക്കാൻ സാധിച്ചത്. ഇക്കാര്യത്തിൽ കൂടുതൽ ഇളവ് സർക്കാരിനോട് ആവശ്യപ്പെടണമെന്ന് പൊതുമരാത്ത് സ്ഥിരംസമിതി അദ്ധ്യക്ഷൻ പി.സി.രാജൻ ആവശ്യപ്പെട്ടു. ഭരണ-പ്രതിപക്ഷ ഭേദമന്യേ കൗൺസിലർമാർ ഇതിനെ പിന്തുണച്ചു. പരമാവധി ആളുകൾക്ക് വീട് നൽകാനാണ് ശ്രമമെന്നും അതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും മേയർ ഡോ. ബീന ഫിലിപ്പ് മറുപടി നൽകി.
കോർപ്പറേഷൻ നടത്തുന്ന 24 പൊതുമരാമത്ത് പ്രവൃത്തികൾക്കായി കുറഞ്ഞ തുക ക്വാട്ട് ചെയ്ത കരാറുകാരുടെ ലിസ്റ്റ് അംഗീകരിച്ചു. ക്ഷേമകാര്യ സ്ഥിരംസമിതി അദ്ധ്യക്ഷൻ പി.ദിവാകരൻ, പ്രതിപക്ഷ നേതാവ് കെ.സി.ശോഭിത, ബി.ജെ.പി കൗൺസിൽ പാർട്ടി ലീഡർ നവ്യാ ഹരിദാസ്, കെ.മൊയ്തീൻകോയ, എസ്.കെ.അബൂബക്കർ, കെ.നിർമ്മല, എം.ബിജുലാൽ, എം.പി.സുരേഷ്, സി.എം.ജംഷീർ, ടി.റനീഷ്, സി.പി.സുലൈമാൻ, വി.പി.മനോജ്, എം.സി.അനിൽകുമാർ, ഒ.സദാശിവൻ തുടങ്ങിയവർ സംസാരിച്ചു.
@ തോട് നവീകരണം മുടങ്ങി;
പ്രതിഷേധിച്ച് പ്രതിപക്ഷം
പന്നിയങ്കര മാളുഅമ്മ ജംഗ്ഷൻ മാനാരിതോട് നവീകരണം നിർത്തിവെച്ച കോർപ്പറേഷൻ നടപടിക്കെതിരെ പ്രതിപക്ഷ പ്രതിഷേധം. തോടിന്റെ വശങ്ങൾ കെട്ടി വീതികൂട്ടി നവീകരിക്കുന്ന രണ്ടാംഘട്ട പ്രവൃത്തി നിർത്തിവെച്ചതാണ് പ്രതിപക്ഷത്തെ ചൊടിപ്പിച്ചത്. സർവകക്ഷിയോഗം ഉൾപ്പെടെ ചേർന്ന് പ്രവൃത്തിയുമായി മുന്നോട്ട് പോകാൻ തീരുമാനിക്കുകയും കൗൺസിൽ പാസാക്കുകയും ചെയ്ത നവീകരണം നിർത്തിവെക്കുന്നത് അംഗീകരിക്കാനാവില്ല. പന്നിയങ്കര കൗൺസിലർ കെ. നിർമ്മലയാണ് വിഷയം കൗൺസിലിന്റെ ശ്രദ്ധയിൽപ്പെടുത്തിയത്. 2018ലാണ് മാനാരിതോട് നിർമ്മാണ പ്രവൃത്തി ആരംഭിച്ചത്. 35ലക്ഷം രൂപ പദ്ധതിയ്ക്കായി അനുവദിച്ചിരുന്നു. തോട് നവീകരിക്കുന്നതിനായി പ്രദേശത്തെ 15 വീട്ടുകാർ സ്ഥലം വിട്ടുനൽകുകയും ചെയ്തിരുന്നു. രണ്ട് ഘട്ടങ്ങളിലായി നടക്കുന്ന പദ്ധതിയുടെ ആദ്യഘട്ട പ്രവൃത്തി ഇതിനകം പൂർത്തിയാക്കി. ശേഷിക്കുന്ന നൂറ് മീറ്റർ നിർമ്മാണമാണ് മുടങ്ങിയത്. പ്രാദേശിക സി.പി.എം നേതാവിന്റെ നേതൃത്വത്തിൽ പ്രവൃത്തി തടയാനുള്ള ശ്രമം നടത്തിവരികയാണെന്ന് കൗൺസിലർ ആരോപിച്ചു.
കൗൺസിൽ അംഗീകരിച്ച പ്രവൃത്തി തുടങ്ങിയ ശേഷം തടയുന്നത് ശരിയായ നടപടിയല്ലെന്ന് കോർപ്പറേഷൻ പ്രതിപക്ഷ നേതാവ് കെ.സി.ശോഭിത പറഞ്ഞു. പ്രശ്‌നങ്ങൾ പരിഹരിക്കുമെന്ന് മേയർ ഡോ.ബീന ഫിലിപ്പും സ്ഥിരംസമിതി ചെയർമാൻ പി.സി.രാജനും ഉറപ്പുനൽകി.