സുൽത്താൻ ബത്തേരി: മാനന്തവാടി ജില്ലാ ആശുപത്രി മെഡിക്കൽ കോളേജായി ഉയർത്തിയ സാഹചര്യത്തിൽ നിലവിൽ ജില്ലാ ആശുപത്രിയില്ലാത്തതിനാൽ സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയെ ജില്ലാ ആശുപത്രിയായി ഉയർത്തണമെന്ന് ഐ.സി.ബാലകൃഷ്ണൻ എം.എൽ.എ ആരോഗ്യ വകുപ്പ് മന്ത്രിക്ക് നൽകിയ കത്തിൽ ആവശ്യപ്പെട്ടു.

ഏറ്റവും കൂടുതൽ പട്ടിക വർഗ്ഗക്കാരും കർഷകരും തൊഴിലാളികളും താമസിക്കുന്ന വയനാട്ടിൽ ജില്ലാ ആശുപത്രിയുടെ അഭാവം ആരോഗ്യരംഗത്ത് പ്രതിസന്ധി ഉണ്ടാക്കുന്നുണ്ട്.
ബത്തേരി താലൂക്ക് ആശുപത്രിയിൽ ജില്ലാ ആശുപത്രിക്കിക്ക് വേണ്ട എല്ലാ ഭൗതിക സാഹചര്യങ്ങളുമുണ്ട്. ആവശ്യത്തിന് ഡോക്ടർമാരെയും നഴ്സിംഗ് സ്റ്റാഫിനെയും നിയമിച്ചാൽ ജില്ലാ ആശുപത്രിയുടെ പ്രവർത്തനം ഇവിടെ നടത്താനാവും.

ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്ന് എളുപ്പത്തിൽ എത്തിച്ചേരാൻ കഴിയുന്ന സ്ഥലവുമാണ് ബത്തേരി. വാഹനാപകടത്തിൽപ്പെടുന്നവരും മറ്റ് അത്യാഹിതങ്ങളിൽ വിദഗ്ധ ചികിൽസ ആവശ്യമായവരും ദീർഘദൂരം സഞ്ചരിച്ച് വേണം മാനന്തവാടി മെഡിക്കൽ കോളേജിലും കോഴിക്കോട് മെഡിക്കൽ കോളേജിലുമെത്താൻ. ബത്തേരിയിൽ ജില്ലാ ആശുപത്രി ആരംഭിക്കുകയാണെങ്കിൽ ദീർഘദൂര യാത്ര ഒഴിവാക്കി ഇവിടെതന്നെ ചികിൽസ നടത്താൻ കഴിയും.
തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന പ്രധാന പട്ടണമാണ് ബത്തേരി. രണ്ട് സംസ്ഥാനങ്ങളിലെയും അതിർത്തി പ്രദേശത്തുനിന്നുള്ളവർ ചികിൽസയ്ക്കായി ബത്തേരി താലൂക്ക് ആശുപത്രിയെയാണ് ആശ്രയിക്കുന്നത്. ദിവസേന ആയിരക്കണക്കിന് രോഗികളാണ് ഒ.പിയിൽ എത്തുന്നത്. ജില്ലാ ആശുപത്രിയായി ഉയർത്തിയാൽ നിരവധി രോഗികൾക്ക് ആശ്വാസമാകുമെന്ന് എം.എൽ.എ കത്തിൽ വ്യക്തമാക്കി.