കോഴിക്കോട്: മഹിളാമാൾ അടച്ച് പൂട്ടിയതിനെ തുടർന്ന് ദുരിതത്തിലായ വനിതാ സംരംഭകർക്ക് നീതി ലഭിക്കും വരെ യു.ഡി.എഫ് സമരം തുടരുമെന്ന് ഡി.സി.സി പ്രസിഡന്റ് കെ. പ്രവീൺ കുമാർ വ്യക്തമാക്കി. മഹിളാ മാളിലെ വനിത സംരംഭകർക്ക് നഷ്ടപരിഹാരം നൽകുക, കുടുംബശ്രീയുടെ പത്ത് വർഷത്തെ കണക്കുകൾ പരിശോധനക്ക് വിധേയമാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് യു.ഡി.എഫ്. കൗൺസിലർമാർ കോർപ്പറേഷൻ ഓഫീസിന് മുന്നിൽ നടത്തിയ നിൽപ്പ് സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കുടുംബശ്രീയുടെ പത്ത് വർഷത്തെ കണക്കുകൾ ഓഡിറ്റിന് വിധേയമാക്കിയാൽ വൻ ക്രമക്കേട് പുറത്ത് വരും.ഇത് സംബന്ധിച്ച് നിരവധി പരാതികൾ ലഭിച്ചിട്ടുണ്ട്. മഹിളാമാളിന്റെ പേരിൽ യൂണിറ്റി ഗ്രൂപ്പ് വായ്പ എടുത്ത 55 ലക്ഷം എഴുതി തള്ളുമ്പോൾ പാവപ്പെട്ട വനിതാ സംരംഭകരെ പുറത്താക്കുന്നത് അനീതിയാണ്. ഈ നിലപാട് തിരുത്തുവാൻ കോർപ്പറേഷൻ തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
കോർപ്പറേഷൻ പ്രതിപക്ഷ നേതാവ് കെ.സി.ശോഭിത അദ്ധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് കെ.മൊയ്തീൻകോയ, എം.സി.സുധാമണി, അൽഫോൺസ മാത്യു,എസ്.കെ അബൂബക്കർ, കെ .നിർമ്മല, ആയിശ ബി പാണ്ടികശാല, കവിത അരുൺ, കെ.പി.രാജേഷ്, മനോഹരൻ മങ്ങാറിൽ, സൗഫിയ അനീഷ്, കെ റംലത്ത്, സാഹിദ സുലൈമാൻ, അജീബ ഷമീൽ, ഓമന മധു എന്നിവർ സംസാരിച്ചു.