
ഫറോക്ക്: ഒരു കാലത്ത് പ്രതാപത്തോടെ ചെറുവണ്ണൂർ മേഖലയിൽ പ്രവർത്തിച്ചിരുന്ന മലബാർ ഓട്ടുകമ്പനിയും പൊളിക്കാൻ തുടങ്ങി. 1920ൽ തുടങ്ങിയ ഓട്ടുകമ്പനിയാണിത്. 10 ഏക്കർ സ്ഥലത്താണ് കമ്പനി പ്രവർത്തിച്ചിരുന്നത്. 250ഓളം തൊഴിലാളികൾ ഇവിടെ പ്രവർത്തിച്ചിരുന്നു. 2016 ഡിസംബർ 13നാണ് കമ്പനിക്കു പൂട്ടുവീണത്. കമ്പനിയിപ്പോൾ ഗുരുവായൂർ സ്വദേശിയായ ഒരാളുടെ കൈവശമാണ്. കമ്പനിയുടെ വിശാലമായ കെട്ടിടങ്ങൾ പൊളിച്ചുമാറ്റുന്ന ജോലി തമിഴ്നാട്ടുകാരായ ഒരു സംഘത്തെയാണ് ഏല്പിച്ചിട്ടുള്ളത്. പഴയ മരം, കല്ല്, ഓട്, യന്ത്രങ്ങൾ ഇവയെല്ലാം പൊളിച്ചുനീക്കി വിറ്റു തുടങ്ങി. ആറു മാസം കൊണ്ട് പൊളിക്കൽ പൂർണ്ണമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മണ്ണിന്റെ ലഭ്യത കുറവും നിർമ്മാണ പ്രവർത്തന ചിലവിന്റെ വർദ്ധനവും, വിപണിയിൽ ഓടിനോടു മത്സരിക്കാൻ പുതിയ ഉത്പ്പന്നങ്ങളുടെ കടന്നുവരവുമാണ് ഓടു വ്യവസായം തകരാൻ കാരണമായത്. 15-ഓളം ഓട്ടുകമ്പനികളാണ് ഫറോക്ക് - ചെറുവണ്ണൂർ മേഖലയിൽ പ്രവർത്തിച്ചിരുന്നത്. ഒരു കാലത്ത് ഫറോക്ക് പ്രദേശത്തെ പ്രധാന തൊഴിൽ മേഖലയായിരുന്നു ഓട്ടുകമ്പനികൾ. ഓടു വ്യവസായ നഗരമായായിരുന്നു ഫറോക്ക് അറിയപ്പെട്ടിരുന്നത്.
ഈ പ്രദേശത്തെ ആദ്യത്തെ ഓട്ടു കമ്പനി കലിക്കറ്റ് ടൈൽസ് ആയിരുന്നു. പ്രതിസന്ധി നേരിട്ടപ്പോൾ തൊഴിലാളികൾ ഏറ്റെടുത്തു നടത്തിയ ഫാക്ടറിയാണ് സ്റ്റാൻഡേർഡ് . ഓടു വ്യവസായം തകർച്ച നേരിട്ടതോടെ ഓട്ടുകമ്പനികൾ ഒന്നൊന്നായി പൂട്ടി. വെസ്റ്റ് കോസ്റ്റ്,കേരള, നാഷണൽ, ഹിന്ദുസ്ഥാൻ, മധുരക്കമ്പനി, മീനാക്ഷി, ഭാരത്, കലിക്കറ്റ് തുടങ്ങിയ കമ്പനികളെല്ലാം ഓർമ്മയായി മാറി. ഈ മേഖലയിൽ ഇപ്പോൾ പ്രവർത്തിക്കുന്ന ഒരേയൊരു കമ്പനി ഫറോക്ക് കോമൺ വെൽത്ത് ഓട്ടുകമ്പനിയാണ്. പൂട്ടിയ ഓട്ടുകമ്പനികൾ പൊളിച്ചുമാറ്റുകയാണിപ്പോൾ. ഓട്ടുകമ്പനികൾ നാടിന്റെ ശേഷിപ്പില്ലാത്ത ഓർമ്മയാകുകയാണ്. ഇവിടെ ജീവിതകാലം മുഴുവൻ പണിയെടുത്ത തൊഴിലാളികൾ വരെയുണ്ട്. അവർക്കു പറയാൻ പഴയ കാലത്തിന്റെ ഒരുപാടു കഥകളും.
ആരംഭം 1920ൽ
പൂട്ടുവീണത് 2016 ഡിസംബർ 13ന്