രാമനാട്ടുകര: രാമനാട്ടുകര വട്ടക്കിണർ റോഡ് നാലുവരിയാക്കാനുള്ള പദ്ധതിയുടെ ഡി.പി.ആർ (ഡീറ്റെയിൽ പ്രൊജക്ട് റിപ്പോർട്ട്) തയ്യാറായി. മീഞ്ചന്ത, ചെറുവണ്ണൂർ,അരീക്കാട് എന്നിവിടങ്ങളിലെ രൂക്ഷമായ ഗതാഗതക്കുരുക്ക് അഴിക്കുന്ന മേൽപ്പാലങ്ങൾ ഉൾപ്പെടുന്ന വിപുല പദ്ധതിയാണിത്. പി.ഡബ്ല്യു.ഡി ഡിസൈൻ വിഭാഗം തയ്യാറാക്കിയ ഡി.പി.ആർ കേരള ഫണ്ട് ബോർഡിന് കൈമാറും.
രാമനാട്ടുകര മുതൽ വട്ടക്കിണർവരെ 12 കിലോമീറ്റർ ദൂരമാണ് നാലുവരിയാക്കുന്നത്. വലിയ തിരക്ക് അനുഭവപ്പെടുന്ന റൂട്ടിൽ ഗതാഗതക്കുരുക്ക് പതിവാണ്. രണ്ട് മേൽപ്പാലമുൾപ്പെടെ വരുന്നതോടെ ഗതാഗത തടസം കുറയും. 24 മീറ്റർ വീതിയിലാണ് റോഡ് വീതികൂട്ടുക. മേൽപ്പാലം വരുന്നിടത്ത് സർവീസ് റോഡുകൾക്കുൾപ്പെടെ കൂടുതൽ സ്ഥലം ഏറ്റെടുക്കേണ്ടി വരും. സ്ഥലമേറ്റെടുക്കലിന് ഉൾപ്പെടെ ഏതാണ്ട് 415 കോടിയോളം രൂപയാണ് കണക്കാക്കുന്നത്.
കുരുക്കഴിക്കാൻ രണ്ട് മേൽപ്പാലം
രൂക്ഷമായ ഗതാഗതക്കുരുക്ക് നേരിടുന്ന വട്ടക്കിണർ, മീഞ്ചന്ത, അരീക്കാട് ജങ്ഷനുകൾ ഉൾപ്പെടുത്തി ഒന്നാമത്തെ മേൽപ്പാലവും ചെറുവണ്ണൂർ ജങ്ഷനിൽ രണ്ടാമത്തെ മേൽപ്പാലവും നിർമിക്കും. കോഴിക്കോട്- രാമനാട്ടുകര പഴയ ദേശീയപാതയിൽ വട്ടക്കിണർ മുതൽ അരീക്കാട് പൊലീസ് സ്‌റ്റേഷൻ വരെയും ചെറുവണ്ണൂരിൽ കരുണ ആശുപത്രി മുതൽ പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസ് വരെയുമാണ് മേൽപ്പാലം നിർമിക്കുക. മീഞ്ചന്തയിൽ ഏതാണ്ട് ഒരു കിലോമീറ്ററിലധികവും ചെറുവണ്ണൂരിൽ ഒരു കിലോമീറ്ററുമാകും മേൽപ്പാലം. സർവീസ് റോഡുകളും നിർമിക്കും.