അമ്പലവയൽ: വിശന്നവയറുമായി ആരും അമ്പലവയൽ പ്രദേശത്തുണ്ടാകരുത്. ഈ മഹത്തായ ലക്ഷ്യം മുന്നോട്ടുവെയ്ക്കുകയാണ് സെന്റ് മാർട്ടിൻ ഇവടവകക്കൂട്ടായ്മ. 'മന്ന" എന്ന പേരിലാണ് വിശപ്പുരഹിത അമ്പലവയൽ എന്ന ആശയത്തിലേക്ക് ഇവർ ചുവടുവെയ്ക്കുന്നത്. സെന്റ് മാർട്ടിൻ പള്ളിയുടെ എതിർവശത്ത് തയ്യാറാക്കിയ അലമാരയിൽനിന്ന് ആർക്കും സൗജന്യമായി ഭക്ഷണം എടുക്കാം. ഉച്ചയ്ക്ക് 12 മണി മുതൽ രണ്ടു വരെയാണ് ഭക്ഷണവിതരണം. പുണ്യപ്രവൃത്തികളിലൂടെ ജീവിതം നവീകരിക്കാനൊരുങ്ങുന്ന നോമ്പുകാലത്ത് സഹജീവിസ്‌നേഹത്തിന്റെ അന്നം വിളമ്പുകയാണ് ഇടവകക്കൂട്ടായ്മ. സുമനസുകളുടെ സഹായത്തോടെയാണ് പദ്ധതി മുന്നോട്ടുകൊണ്ടുപോകാനൊരുങ്ങുന്നത്. പദ്ധതി അമ്പലവയൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ഷമീർ ഉദ്ഘാടനം ചെയ്തു. ഫാ. ചാക്കോ മേപ്പുറത്ത്, നാഷ് ഇളയിടത്തുമഠത്തിൽ, തോമസ് മുളളൻമട എന്നിവർ സംസാരിച്ചു.