
വടകര: പുതുപ്പണം കൊക്കഞ്ഞാത്ത് വാടക വീടുകയറി രാത്രിയിൽ സംഘടിതമായി അക്രമം നടത്തുകയും സംഭവമറിഞ്ഞെത്തിയ വീടിന്റെ ഉടമസ്ഥനും മകനും അയൽവാസിക്കും നേരെയും ക്രൂരമായ മർദ്ദനം നടത്തി അസ്ഥികൾ തകർത്ത സംഭവത്തിൽ പ്രതികളെ എത്രയുംവേഗം നിയമത്തിനുമുന്നിൽ കൊണ്ടുവരണമെന്ന് കെ.കെ രമ എം.എൽ.എ ആവശ്യപ്പെട്ടു. വീടും പരുക്കേറ്റവരെയും സന്ദർശിച്ചശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ. സ്ത്രീകളും കുട്ടികളും നോക്കി നിൽക്കെയാണ് വീട്ടിൽകയറി അക്രമം നടത്തിയത്. സുഗുണന്റെ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന താഴെ അങ്ങാടി സ്വദേശി അബ്ദുൾ നാസറിനെ ലക്ഷ്യംവച്ചാണ് ക്രിമിനൽ സംഘമെത്തിയത്. അമലിന്റെ തോളെല്ലുകൾ പൊട്ടിയ നിലയിലാണ്. വീട്ടുകാർ അക്രമികളെ കുറിച്ചുള്ള എല്ലാ വിവരങ്ങളും പൊലീസിൽ അറിയിച്ചിട്ടുണ്ട്. ഇത്തരം സംഘങ്ങൾക്കുള്ള കൃത്യമായ മറുപടിയായിരിക്കണം വടകരയിലെ പൊലിസിന്റെ നടപടി. ഇക്കാര്യത്തിൽ ശക്തമായ നടപടികളെടുക്കണമെന്ന് റൂറൽ എസ്.പിയോട് ആവശ്യപ്പെട്ടതായും എം.എൽ.എ അറിയിച്ചു.