കൊടിയത്തൂർ: പരിസ്ഥിതി സംരക്ഷണം വീട്ടിൽ നിന്നും ലക്ഷ്യത്തോടെ കൊടിയത്തൂർ പഞ്ചായത്തിന്റെ നഴ്‌സറി ഫാമിംഗ് പദ്ധതി. പരിസ്ഥിതി ദിനത്തിൽ പഞ്ചായത്തിലെ 2000 ത്തിലേറെ വീടുകളിലേക്ക് വിതരണം ചെയ്യാനുള്ള വൃക്ഷത്തൈകളാണ് പദ്ധതിയുടെ ഭാഗമായി വികസിപ്പിക്കുന്നത്. ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ പഞ്ചായത്ത് കെട്ടിടത്തിന് പിറകുവശത്തുള്ള തരിശു ഭൂമിയിൽ മണ്ണിട്ട് കൃഷിയോഗ്യമാക്കി വിത്തുകൾ മുളപ്പിച്ച് തൈകൾ വിതരണം ചെയ്യുകയാണ് ലക്ഷ്യം.

തൊഴിലുറപ്പ് പദ്ധതിയിലൂടെയാണ് തൈകളുടെ പരിപാലനവും മേൽനോട്ടവും. നെല്ലി, മാതളം, സീതപ്പഴം, പേര തുടങ്ങി 15ലേറെ വ്യത്യസ്ത ഇനത്തിലുള്ള തൈകളാണ് ഇവിടെ നട്ടുപിടിപ്പിക്കുന്നത്. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പഞ്ചായത്തിൽ ജൈവവൈവിധ്യ ഉദ്യാനങ്ങളും ഒരുക്കുന്നുണ്ട്. സോഷ്യൽ ഫോറസ്ട്രി ഡിപ്പാർട്ട്‌മെന്റുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ഫലവൃക്ഷതൈകൾക്ക് പുറമെ ഔഷധ സസ്യങ്ങളും വീടുകളിൽ എത്തിക്കും.

ജൂൺ അഞ്ച് ലോക പരിസ്ഥിതി ദിനത്തിൽ പഞ്ചായത്തിലെ എല്ലാ വീടുകളിലും തൈകൾ എത്തിക്കുകയാണ് ലക്ഷ്യം. നെല്ലി, ആര്യവേപ്പ്, ലക്ഷ്മിതരു, കണിക്കൊന്ന, മാതളം, മാവ്, പ്ലാവ്, ചെറുനാരങ്ങ, കറിവേപ്പ് എന്നിവയുടെ തൈകൾ ഉടൻ എത്തിച്ച് വിതരണത്തിനായി സജ്ജമാക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് ഷംലൂലത്ത് പറഞ്ഞു.