കൽപ്പറ്റ: ജില്ലാ ഇൻഫർമേഷൻ ഓഫീസ് തയ്യാറാക്കിയ ജില്ലയിലെ പ്രധാനപ്പെട്ട ടൂറിസം കേന്ദ്രങ്ങളെ പരിചയപ്പെടുത്തുന്ന വീഡിയോ ചിത്രങ്ങളുടെ മൊബൈൽ എൽ.ഇ.ഡി വാൾ പ്രദർശനം ആരംഭിച്ചു. കളക്ടറേറ്റ് പരിസരത്ത് ജില്ലാ കളക്ടർ എ.ഗീത ഫ്ളാഗ് ഓഫ് ചെയ്തു.

വയനാടിന്റെ ടൂറിസം കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് ഒരു മിനിറ്റ് വീതം ദൈർഘ്യമുള്ള 11 ലഘു വീഡിയോ ചിത്രങ്ങളാണ് തയ്യാറാക്കിയത്. പ്രധാന ടൂറിസം കേന്ദ്രങ്ങളുടെ ഇംഗ്ലീഷിലും മലയാളത്തിലുമുള്ള ലഘുവിവരണമടങ്ങിയ വീഡിയോ ചിത്രങ്ങൾ എക്സ്‌പ്ലോർ വയനാട് വരൂ, വയനാട് കാണാം എന്ന പേരിലാണ്.

വയനാട്ടിൽ എത്തുന്ന ടൂറിസ്റ്റുകൾക്ക് വിവിധ ടൂറിസം കേന്ദ്രങ്ങളെ മനസ്സിലാക്കാൻ വിവരണങ്ങൾ സഹായിക്കും. ജില്ലാ ആസ്ഥാനത്ത് നിന്ന് ഓരോ സ്‌പോട്ടിലേക്കുമുള്ള ദൂരവും വീഡിയോയിൽ കാണിച്ചിട്ടുണ്ട്.

ടൂറിസം വകുപ്പിന്റെയും വനം വകുപ്പിന്റെയും ജലസേചന വകുപ്പിന്റെയും പുരാവസ്തു വകുപ്പിന്റെയും കെ.എസ്.ഇ.ബിയുടെയും നിയന്ത്രണത്തിലുള്ള ടൂറിസം സ്‌പോട്ടുകളെല്ലാം വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എടക്കൽ ഗുഹ, അമ്പലവയൽ ഹെറിറ്റേജ് മ്യൂസിയം, കാരാപ്പുഴ ഡാം മെഗാ ടൂറിസം പാർക്ക്, കർളാട് തടാകം, കുറുവ ദ്വീപ്, കാന്തൻപാറ, സൂചിപ്പാറ, മീൻമുട്ടി വെള്ളച്ചാട്ടങ്ങൾ, പഴശ്ശി മ്യൂസിയം പഴശ്ശി പാർക്ക്, ചെമ്പ്ര പീക്ക്, ചീങ്ങേരിമല അഡ്വഞ്ചർ ടൂറിസം, വയനാട് ചുരം പൂക്കോട് തടാകം, മുത്തങ്ങ തോൽപ്പെട്ടി വന്യജീവി സങ്കേതങ്ങൾ, ബാണാസുരസാഗർ ഡാം തുടങ്ങിയ പ്രധാനപ്പെട്ട എല്ലാ കേന്ദ്രങ്ങളും വീഡിയോകളിലുണ്ട്.

എ.ഡി.എം എൻ.ഐ.ഷാജു, ഡെപ്യൂട്ടി കളക്ടർ കെ.ഗോപിനാഥ്, ജില്ലാ ഇൻഫർമേഷൻ ഓഫീസർ കെ.മുഹമ്മദ്, ലോ ഓഫീസർ കെ.പി.ഉണ്ണികൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.

(ഫോട്ടോ)