
കോഴിക്കോട്: നിർദ്ദിഷ്ട സിൽവർ ലൈൻ പദ്ധതിയുടെ ഭാഗമായി കോഴിക്കോട്ട് ഭൂഗർഭ സ്റ്റേഷനെന്നു നിർണയിച്ചത് നിലവിലുള്ള നിരവധി കെട്ടിടങ്ങൾ പൊളിക്കുന്നത് ഒഴിവാക്കാൻ.
വെസ്റ്റ്ഹിൽ റെയിൽവേ സ്റ്റേഷൻ മുതൽ പന്നിയങ്കര വരെ ആറു കിലോമീറ്റർ ദൈർഘ്യത്തിലാണ് ഭൂഗർഭപാത കടന്നുപോവുക. ഭൂനിരപ്പിൽ നിന്ന് 30 മുതൽ 40 മീറ്റർ താഴ്ചയിലായിരിക്കും പാത നിർമ്മാണം. ജില്ലയിലൂടെ 74.65 കിലോമീറ്റർ ദൂരത്തിലാണ് സിൽവർലൈൻ കടന്നുപോവുക.
പദ്ധതി യാഥാർത്ഥ്യമാവുമ്പോൾ സംസ്ഥാനത്തെ ആദ്യഭൂഗർഭ റെയിൽവേ സ്റ്റേഷനായി കോഴിക്കോട് മാറും. കോഴിക്കോട് റെയിൽവേ സ്റ്റേഷനു അടുത്തുതന്നെയായിരിക്കും ഭൂഗർഭ റെയിൽവേ സ്റ്റേഷനും.
നഗരമധ്യത്തിൽ ആധുനിക സജ്ജീകരണങ്ങളോടെയാണ് ഭൂഗർഭ സ്റ്റേഷൻ സമുച്ചയം തീർക്കുക. വിശാലമായ കാർ പാർക്കിംഗ് സൗകര്യമുണ്ടാവും. ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് ഇ വാഹന കണക്ടിവിറ്റിയും ഒരുക്കും. കാർ പാർക്കിംഗ് യാർഡിനോടു ചേർന്ന് ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യാനുള്ള സ്റ്റേഷനുമുണ്ടാകും. കോഴിക്കോട് ലൈറ്റ് മെട്രോ യാഥാർത്ഥ്യമായാൽ അതുമായി ബന്ധപ്പെടാനുള്ള സൗകര്യങ്ങളും സ്റ്റേഷനിലൊരുക്കും.
സിൽവർ ലൈൻ നടപ്പാവുമ്പോൾ 2 മണിക്കൂർ 40 മിനുട്ട് കൊണ്ട് കോഴിക്കോട് നിന്ന് തിരുവനന്തപുരത്ത് എത്താനാവും. 19 മിനുട്ടിൽ തിരൂരും 39 മിനുട്ടിൽ കണ്ണൂരിലും എത്താം. കോഴിക്കോട് നിന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്താൻ 65 മിനുട്ടു മതിയാവും. തൃശൂരിലേക്ക് 44 മിനുട്ടും എറണാകുളത്തേക്ക് ഒരു മണിക്കൂർ 16 മിനുട്ടുമായിരിക്കും സഞ്ചാരസമയം.
ജനസമക്ഷം സിൽവർ ലൈൻ:
മുഖ്യമന്ത്രി നാളെ കോഴിക്കോട്ട്
കോഴിക്കോട്: സംസ്ഥാന സർക്കാരും കെ റെയിലും സംയുക്തമായി സംഘടിപ്പിക്കുന്ന സിൽവർ ലൈൻ വിശദീകരണ യോഗം ജനസമക്ഷം സിൽവർ ലൈൻ നാളെ ഉച്ചകഴിഞ്ഞ് 3.30ന് കോഴിക്കോട് സമുദ്ര ഹാളിൽ നടക്കും. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. പൊതുമരമാത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ് അദ്ധ്യക്ഷത വഹിക്കും. വനംമന്ത്രി എ.കെ.ശശീന്ദ്രൻ, തുറമുഖ മന്ത്രി അഹമ്മദ് ദേവർകോവിൽ എന്നിവർ പങ്കെടുക്കും. കെ റെയിൽ മാനേജിംഗ് ഡയറക്ടർ വി.അജിത് കുമാർ പദ്ധതി അവതരിപ്പിക്കും.