
മുക്കം: പറമ്പിൽ വെട്ടിയിട്ട കവുങ്ങിൻ തടികൾ ലോറിയിൽ കയറ്റാൻ തൊഴിലാളികൾ അമിത കൂലി ആവശ്യപ്പെട്ടെന്ന കർഷകന്റെ പരാതിയിൽ ഹൈക്കോടതി ഇടപെട്ടതോടെ പൊലീസ് സംരക്ഷണത്തിൽ മരത്തടികൾ കൊണ്ടുപോയി. 
കൊടിയത്തൂർ പഞ്ചായത്തിലെ തോട്ടുമുക്കത്തെ പൊട്ടമ്പുഴയിൽ ആൽഡ്രിൻ ജോർജാണ് വെട്ടി മാറ്റിയ കവുങ്ങിൻ തടികൾ ലോറിയിൽ കയറ്റാൻ തൊഴിലാളികൾ അമിത കൂലി ഈടാക്കിയെന്ന പരാതിയുമായി കോടതിയിലെത്തിയത്. മുക്കം പൊലീസിലും താമരശ്ശേരി അസി.ലേബർ ഓഫീസിലും പരാതി നൽകിയിട്ടും നീതി കിട്ടാതായതോടെ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ജനുവരി 28നായിരുന്നു സംഭവം. ആൽഡ്രിൻ ജോർജ് ഗുരുവായൂർ സ്വദേശിക്ക് വിറ്റതായിരുന്നു കവുങ്ങുകൾ. ലോറിയിൽ കയറ്റാൻ ഒരു തടിക്ക് 50 രൂപ വീതം വേണമെന്ന് ആവശ്യപ്പെട്ടതാണ് തർക്കത്തിനിടയാക്കിയത്. മൊത്തം 24000 രൂപ ആവശ്യപ്പെടുകയായിരുന്നു. 16000 രൂപ വാങ്ങിയതായും പരാതിയിൽ പറയുന്നു. അതേസമയം ആൽഡ്രിൻ ജോർജ് ആരോപിക്കും പോലെ 24000 രൂപ ആവശ്യപ്പെട്ടിട്ടില്ലെന്നും രാവിലെ മുതൽ വൈകീട്ടു വരെ ജോലി ചെയ്തതിനാണ് 16000 രൂപ കൂലിയായി വാങ്ങിയതെന്നും തൊഴിലാളികൾ പറയുന്നു. കോടതിയുടെ ഇടപെടൽ ഉണ്ടായതോടെ 7000 രൂപ കൂലി നൽകിയാണ് കവുങ്ങിൻ തടികൾ കയറ്റികൊണ്ടുപോയത്.