കുറ്റ്യാടി: ടൗണിലെ ഹോട്ടലുകളിൽ ചായക്കും എണ്ണയിൽ വറുത്ത പലഹാരങ്ങൾക്കും അമിത വില ഈടാക്കുന്നുവെന്ന പരാതികളുടെ അടിസ്ഥാനത്തിൽ വടകര താലൂക്ക് സപ്ലെ ഓഫീസറും റേഷനിംഗ് ഇൻസ്പെക്ടർമാരും അടങ്ങുന്ന സംഘം കുറ്റ്യാടി ടൗണിലെ ഹോട്ടലുകളിൽ പരിശോധന നടത്തി. പരിശോധനയിൽ ഹോട്ടലിൽ വില വർധിപ്പിച്ചതായി കണ്ടെത്തി. ഇന്നു മുതൽ വില 12 രൂപയിൽ നിന്ന് 10 രൂപ ആക്കാമെന്ന് ഹോട്ടലുടമകൾ പരിശോധന സംഘത്തെ അറിയിച്ചു. ചില ഹോട്ടലുകളിൽ ലീഗൽ മെട്രോളജി വകുപ്പിന്റെ സർട്ടിഫിക്കറ്റ് ഇല്ലാതെ സാധനങ്ങൾ പാക്ക് ചെയ്ത് വിൽപന നടത്തുന്നതായും കണ്ടെത്തി. ഇത് തുടർ നടപടികൾക്കായി ലീഗൽ മെട്രോളജി വകുപ്പിന് കെെമാറും.
ഒരു ഹോട്ടലിൽ വില വിവര പട്ടിക പ്രദർശിപ്പിക്കാത്തതായും അനുമതി ഇല്ലാത്ത സ്ഥലത്ത് ഹോട്ടലിന്റെ പ്രവർത്തനങ്ങൾ നടത്തുന്നതായും കണ്ടെത്തി. പൊല്യൂഷൻ കൺട്രോൾ സർട്ടിഫിക്കറ്റ് ഇല്ലാത്ത ഹോട്ടലുടമകൾ സർട്ടിഫിക്കറ്റ് ഉടൻ എടുക്കാൻ നിർദേശം നൽകി. ശാസ്ത്രീയമായ രീതിയിൽ മലിന ജലം ഒഴിവാക്കാനുള്ള നടപടി സ്വീകരിക്കണമെന്നും എല്ലാ ഹോട്ടലുകളിലും വില വിവര പട്ടിക പ്രദർശിപ്പിക്കാൻ നിർദ്ദേശവും നൽകി. പരിശോധനയിൽ താലൂക്ക് സപ്ലൈ ഓഫിസർ ടി.സി.സജീവൻ, റേഷനിംഗ് ഇൻസ്പെക്ടർമാരായ ടി.വി നിജിൻ കെ.പി. കുഞ്ഞിക്കൃഷ്ണൻ മല കെ. ശ്രീധരൻ ടി.എം വിശിഷ് ജീവനക്കാരനായ കെ.പി.ശ്രീജിത് കുമാർ എന്നിവർ പങ്കെടുത്തു .