kunnamangalam-news
കുന്ദമംഗലം പെരിങ്ങൊളം റോഡ് ജംഗ്ഷനിലെ വഴിമുടക്കിയായ പോസ്റ്റുകൾ

കുന്ദമംഗലം: പെരിങ്ങൊളം റോഡിന്റെ വീതി കൂട്ടി ടാറിംഗ് കഴിഞ്ഞു. എന്നാൽ വഴിമുടക്കിയായ പോസ്റ്റുകൾ ഇനിയും നീക്കം ചെയ്യാൻ അധികൃതർ തയ്യാറാവുന്നില്ല. ഇതോടെ ഈ ഭാഗത്ത് ഗതാഗതക്കുരുക്ക് രൂക്ഷമാണ്. ദേശീയപാതയിൽ നിന്ന് പെരിങ്ങൊളം റോഡിലേക്ക് കയറുന്ന ഇരുഭാഗത്തും വഴിമുടക്കിയായി നിൽക്കുകയാണ് ഈ പോസ്റ്റുകൾ. കഴിഞ്ഞ ദിവസം സ്വകാര്യകേബിളിന്റെ പുതിയ പോസ്റ്റുകൂടി ഇവിടെ സ്ഥാപിക്കുകയും ചെയ്തു. പെരിങ്ങളം റോഡു വഴി കുന്ദമംഗലത്തേക്കും തിരിച്ച് പെരിങ്ങൊളം ഭാഗത്തേക്കും വാഹനങ്ങൾ കയറുമ്പോഴുള്ള തടസമാണ് പലപ്പോഴും കുന്ദമംഗലം അങ്ങാടിയിലെ ഗതാഗതക്കുരുക്കിന് കാരണം. ഇരുവശങ്ങളിലുമുള്ള വഴിമുടക്കിയായ പോസ്റ്റുകൾ നീക്കം ചെയ്താൽ വാഹനങ്ങൾക്ക് സുഗമമായി പെരിങ്ങൊളം റോഡിലേക്കും തിരിച്ചും പ്രവേശിക്കാനാവുന്നതേയുള്ളു. അങ്ങാടിയിൽ ദേശീയപാതവികസനവും ഇരുമ്പ് ബാരിക്കേഡുകൾ സ്ഥാപിച്ചപ്പോഴും വഴിമുടക്കികളായ ഈ കാലുകളെ അധികൃതർ നീക്കം ചെയ്യാൻ മെനക്കെട്ടില്ല. ഇപ്പോൾ പെരിങ്ങൊളം മിൽമയിലേക്ക് പോകുന്ന വലിയ ടാങ്കർ വാഹനങ്ങൾ പെരിങ്ങൊളം റോഡിലേക്ക് തിരിയുമ്പോൾ റോഡിന് വീതി കുറവായതിനാൽ പെരിങ്ങൊളം ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾക്ക് അങ്ങാടിയിലേക്ക് പ്രവേശിക്കാനാവുന്നില്ല. ഇവിടെ ട്രാഫിക് പൊലീസ് സ്ഥിരമായി ഡ്യുട്ടി ചെയ്യുന്നുണ്ടെങ്കിലും അദ്ദേഹവും ചിലപ്പോൾ നിസ്സഹായകനാണ്. സ്വകാര്യ ടിവി ചാനലുകൾ സ്വന്തമാക്കിവെച്ചിരിക്കുന്ന ഈ ടെലഫോൺ പോസ്റ്റുകൾ എത്രയും പെട്ടെന്ന് ഇവിടെ നിന്ന് നീക്കം ചെയ്താൽ കോഴിക്കോട് ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾക്ക് എളുപ്പത്തിൽ പെരിങ്ങളം റോഡിലേക്ക് കയറുവാൻ കഴിയും. അതോടൊപ്പം അങ്ങാടിയിലെ ഗതാഗതക്കുരുക്കിനും ശമനമുണ്ടാകും.