സുൽത്താൻ ബത്തേരി: പട്ടാപ്പകൽ നാട്ടി​ലിറങ്ങിയ കടുവയുടെ ആക്രമണത്തിൽ മൂരിക്കിടാവിന് പരിക്കേറ്റു. നായ്‌ക്കെട്ടിക്കടുത്ത എറളോട്ടുകുന്ന് മേലേടത്ത് പത്മനാഭന്റെ ഒന്നരവയസുള്ള മൂരിക്കിടാവിനെയാണ് ഇന്നലെ കാലത്ത് പത്തരയോടെ വീടിന് സമീപത്ത് വച്ച് കടുവ പിടികൂടിയത്. മൂരി​കിടാവിന്റെ പുറത്ത് ആഴത്തിലുള്ള മുറിവേറ്റു.
കഴിഞ്ഞ ഒരാഴ്ചയായി ദേശീയപാത 766-ൽ നായ്‌ക്കെട്ടി, എറളോട്ടുകുന്ന് പ്രദേശങ്ങളിൽ കടുവയെ കണ്ടുവരുന്നുണ്ട്. ഇന്നലെ കാലത്ത് പത്മനാഭൻ മൂരി​കിടാവിനെ വീടിനടുത്തുള്ള വയലിനടുത്ത് തീറ്റുന്നതിനായി മറ്റ് കന്നുകാലികളോടൊപ്പം കെട്ടിയിട്ടപ്പോഴാണ് ആക്രമണമുണ്ടായത്. മൂരി​ക്കുട്ടി​യുടെ കരച്ചിൽകേട്ട് ആളുകൾ ഓടിയെത്തിയപ്പോഴേക്കും കടുവ അടുത്തുള്ള തോട്ടത്തിലേക്ക് ഓടിമറഞ്ഞു.
ഒരാഴ്ചയായി കടുവയുടെ സാന്നിദ്ധ്യമുണ്ടായിട്ടും വനം വകുപ്പ് കടുവയെ പിടികൂടുന്നതിനോ ജനങ്ങളുടെ ഭീതി അകറ്റുന്നതിനോ ഒന്നും ചെയ്തിട്ടി​ല്ല. രോഷാകുലരായ ജനങ്ങൾ വനംവകുപ്പിനെതിരെ പ്രതിഷേധവുമായി രംഗത്തിറങ്ങി​. കടുവയെ ഉടൻ കൂട് വെച്ച് പിടികൂടണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. പ്രതിഷേധം കണക്കിലെടുത്ത് കടുവയെ കൂട് വെച്ച് പിടികൂടാൻ വനംവകുപ്പ് തീരുമാനിച്ചു. ഇതിന് വേണ്ട നടപടി ആരംഭിച്ചു. കടുവയുടെ സാന്നിദ്ധ്യം കണ്ട പ്രദേശങ്ങളിൽ ക്യാമറ സ്ഥാപിച്ചു. ആർആർടിയുടെ നേതൃത്വത്തിൽ രാത്രികാല നിരീക്ഷണവും ആരംഭിച്ചു.