കൊടിയത്തൂർ: റഷ്യ- യുക്രെയിൻ യുദ്ധത്തിൽ കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ചെത്തിക്കാൻ സർക്കാർ സംവിധാനങ്ങൾ ജാഗ്രതയോടെ പ്രവർത്തിക്കുമ്പാൾ കോഴിക്കോട് കൊടിയത്തൂർ സ്വദേശി വിശ്രമമില്ലാതെ അവർക്കുവേണ്ടി പൊരുതുകയാണ്. യുദ്ധഭൂമിയിൽ കുടുങ്ങികിടക്കുന്ന 1500 ഓളം വിദ്യാർത്ഥികൾക്ക് ആശ്വാസമേകുന്ന പ്രവൃത്തിയിലാണ് പൊതുപ്രവർത്തകൻ നാസർ കൊളായി. ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ആത്മവിശ്വാസം നൽകി നിരന്തരമായി അവരുമായി ബന്ധപ്പെട്ട് കൊണ്ടിരിക്കുകയാണ് . ഏതുസമയവും ഫോണിൽ നിന്നും വരുന്ന സന്ദേശം കേട്ട്. വിദ്യാർത്ഥികൾക്ക് തിരിച്ച് മറുപടി നൽകുന്നു. യുദ്ധം കെടുമ്പിരി കൊള്ളുന്ന യുക്രെയിനിലെ സപ്രോഷി മെഡിക്കൽ യുണിവേഴ്സിറ്റിയിലെ മലയാളി വിദ്യാർത്ഥികളെയാണ് ഇദ്ദേഹം ബന്ധപ്പെട്ടുകൊണ്ടിരിക്കുന്നത്. നാട്ടിലുള്ള ഇവരുടെ ബന്ധുക്കളെയും ഇതിനിടെ ആശ്വാസിപ്പിക്കാൻ ഇദ്ദേഹം സമയം കണ്ടെത്തുന്നുണ്ട്. അവരുടെ ഭാഗത്ത് നിന്ന് കിട്ടുന്ന വാർത്തകളും അഭ്യർത്ഥനകളും തന്റെ ഫേസ്ബുക്ക് അക്കൗണ്ട് വഴിയും വാട്സ്ആപ്പ് വഴിയും പുറം ലോകത്തേക്ക് എത്തിച്ച് കൊണ്ടേയിരിക്കുകയാണ്. ബന്ധുകൾക്ക് പൂർണ പിന്തുണ നൽകുന്നതിന് പുറമേ മുഖ്യമന്ത്രിയുടെ ഓഫീസുമായും, നോർക്കാ റൂട്ട്സ് വൈസ് ചെയർമാൻ പി.രാമകൃഷ്ണനുമായി ഇതിനകം ബന്ധപ്പെട്ട് കഴിഞ്ഞു. ഗൾഫ് .യുദ്ധക്കാലത്ത് പ്രവാസിയായിരുന്ന തനിക്ക് നാട്ടിൽ നിന്ന് കിട്ടിയ ആശ്വാസവാക്കുകളുടെ വില നന്നായറിയാമെന്നും ഇതാണ് ഇത്തരം പ്രവൃത്തിയ്ക്ക് തന്നെ പ്രേരിപ്പിച്ചതെന്നും നാസർ പറയുന്നു.