കോഴിക്കോട്: വേങ്ങേരിയിൽ പൂനൂർ പുഴയുടെ സമീപം സർവീസ് സ്റ്റേഷൻ തുടങ്ങാനുളള തീരുമാനത്തിൽ നിന്ന് പ്രവാസി വ്യവസായി പിന്മാറി.

പൂനൂർ പുഴ സംരക്ഷണ സമിതിയുടെ എതിർപ്പിനെ തുടർന്നാണ് സർക്കാർ ഏജൻസികളുടെ അനുമതി പത്രങ്ങളെല്ലാമുണ്ടായിട്ടും പ്രവാസി വ്യവസായി റജി ഭാസ്കരൻ പദ്ധതി ഉപേക്ഷിച്ചത്. ഇതോടെ മനുഷ്യാവകാശ കമ്മിഷൻ കേസ് തീർപ്പാക്കി.

കമ്മിഷൻ മദ്ധ്യസ്ഥനായി നിയോഗിച്ച സാമൂഹിക നിരീക്ഷകൻ കൂടിയായചലച്ചിത്ര സംവിധായകൻ ജോയ് മാത്യുവിനെ റെജി ഭാസ്കരൻ തീരുമാനം അറിയിക്കുകയായിരുന്നു. പൂനൂർ പുഴ സംരക്ഷണ സമിതി ഉയർത്തുന്ന പല വാദങ്ങളിലും അശാസ്ത്രീയ നിഗമനങ്ങൾ കടന്നുകൂടിയിട്ടുണ്ടെന്ന് ജോയ് മാത്യു കമ്മിഷനെ ധരിപ്പിച്ചു.
മദ്ധ്യസ്ഥന്റെ നിരീക്ഷണങ്ങളിൽ സാംഗത്യമുണ്ടെങ്കിലും പുഴ സംരക്ഷണ സമിതിയുടെ ആശങ്ക കാണാതിരിക്കാനാവില്ലെന്ന് കമ്മിഷൻ ജുഡിഷ്യൽ അംഗം കെ.ബൈജുനാഥ്

ചൂണ്ടിക്കാട്ടി.

പുഴ സംരക്ഷണ സമിതി കോ ഓർഡിനേറ്റർ പ്രൊഫ.ടി.ശോഭീന്ദ്രൻ സമർപ്പിച്ചതായിരുന്നു പരാതി. വിഷയത്തിൽ കോഴിക്കോട് നഗരസഭയിൽ നിന്നു റിപ്പോർട്ട് തേടിയിരുന്നു കമ്മിഷൻ. പരാതി സമയബന്ധിതമായി പരിഹരിക്കാൻ ഹൈക്കോടതി ഉത്തരവുമുണ്ടായിരുന്നു. തുടർന്നാണ് ജോയ് മാത്യുവിനെ ഇരുകക്ഷികളുമായി സംസാരിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ കമ്മിഷൻ നിയോഗിച്ചത്.

സർവീസ് സ്റ്റേഷനിലെ മാലിന്യം സംസ്കരിക്കാൻ ശാസ്ത്രീയ സംവിധാനമുണ്ടെന്ന് പരാതിക്കാർ തന്നെ അറിയിച്ചതായി ജോയ് മാത്യുവിന്റെ റിപ്പോർട്ടിൽ പറയുന്നു. സർവീസ് സ്റ്റേഷന് അപ്പുറം മറ്റൊരാളുടെ കൈവശമുള്ള ഭൂമിയാണ്. അതും കടന്ന് മലിനജലം പുഴയിലേക്ക് ഒഴുകുമെന്ന് പറയുന്നതിൽ കഴമ്പില്ലെന്നും റിപ്പോർട്ടിലുണ്ട്.

ജനങ്ങളുടെ നികുതിപ്പണം ശമ്പളമായി വാങ്ങി സ്വാർത്ഥതാത്പര്യക്കാർക്ക് വേണ്ടി വഴിവിട്ട ഒത്താശ ചെയ്യുന്ന ഉദ്യോഗസ്ഥർക്കെതിരെ പരിസ്ഥിതിസ്നേഹികൾ പ്രക്ഷോഭം നടത്താത്തത് എന്തുകൊണ്ടാണെന്നു

ജോയ് മാത്യു ചോദിച്ചു.