കോളനിവാസികൾ പ്രക്ഷേഭത്തിലേക്ക്
പേരാമ്പ്ര: മതിയായ റോഡ്, ടോയ്ലെറ്റ്, കുടിവെള്ളം, വാസയോഗ്യമായ വീട് ഇവയൊക്ക പേരാമ്പ്ര പഞ്ചായത്തിലെ വലിയപറമ്പ് കോളനിവാസികൾക്ക് അന്യമാണ്. കോളനി വികസനത്തിന്റെ പേരിൽ മാറിമാറി വരുന്ന അധികാരികൾ പദ്ധതി തയാറാക്കുകയും പ്രഖ്യാപനങ്ങൾ നടത്തുകയും ചെയ്യുന്നതല്ലാതെ ഇതൊന്നും വെളിച്ചം കാണുന്നില്ല. കോളനിയിലെ 35 കുടുംബങ്ങളാണ് ദുരിതക്കയത്തിൽ ജീവിതം തള്ളിനീക്കുന്നത്. ഏറ്റുവുമൊടുവിൽ 2018ൽ കേന്ദ്ര സർക്കാർ ഫണ്ടിൽ നിന്ന് 50 ലക്ഷം എം.എ.എ യുടെ ശ്രമഫലമായി കോളനിയ്ക്ക് ലഭിച്ചിരുന്നു. വീട് റിപ്പയർ ചെയ്യുന്നതിനും, കുടിവെള്ളം, കോളനിയിലേക്കുള്ള രണ്ട് നടപ്പാതകൾ, വീടുകൾക്ക് സുരക്ഷാ മതിലുകൾ, സാംസ്‌കാരിക നിലയത്തിന്റെ നവീകരണം, തൊഴിൽ കേന്ദ്രത്തിന്റെ ചുറ്റുമതിൽ, ശുചിമുറി, എന്നിങ്ങനെയായിരുന്നു 50 ലക്ഷത്തിൽ അടങ്ങിയിട്ടുള്ളത്. എന്നാൽ 11 വീടിന്റെ പണി തുടങ്ങുകയും 6 വീടിന്റെ പണി പൂർത്തിയാവുകയും 5 വീട് ഭാഗികമായി പണി ചെയ്യുകയും മാത്രമാണ് ചെയ്തിട്ടുള്ളത്. ബാക്കി വരുന്ന 10 കുടുംബത്തിന്റെ വീട് പണി ചെയ്യാന്‍ ഫണ്ട് റീ എസ്റ്റേറ്റ്‌മെന്റിന് കൊടുത്തിട്ടുണ്ടെന്നാണ് അധികൃതർ പറയുന്നത്. കോളനിയുടെ ഉന്നമനത്തിനായി ഏഴുവർഷം മുമ്പ് നിർമ്മിച്ച സാംസ്കാരിക നിലയവും ഉദ്ഘാടനം ചെയ്യാതെ കിടക്കുകയാണ്. പട്ടികജാതി- പട്ടികവർഗ്ഗ വിഭാഗങ്ങളുടെ ആവശ്യങ്ങൾക്ക് ഗവൺമെന്റ് നൽക്കുന്ന ഫണ്ടുകൾ 10% പോലും ചെലവഴിക്കാതെ ദുരുപയോഗം ചെയ്യുന്നതായും ബന്ധപ്പെട്ടവർ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. കോളനിയോടുള്ള അവഗണന തുടർന്നാൽ പ്രത്യക്ഷസമരം സംഘടിപ്പിക്കുമെന്നും ഇവർ വ്യക്തമാക്കി. വി.പി. ബാലൻ, സെക്രട്ടറി വി.പി. അനീഷ്, കെ.എം ഗോപാലൻ തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.