കോഴിക്കോട്: കൊവിഡ്- ഒമിക്രോൺ വ്യാപനം കുറഞ്ഞതോടെ സാനിറ്റെസർ ഉപയോഗവും കുറഞ്ഞു. കഴിഞ്ഞ രണ്ടു വർഷത്തേക്കാൾ സാനിറ്റെസർ വില്പന മൂന്നിലൊന്നായി ചുരുങ്ങി. ദിവസവും 30 മുതൽ 50 വരെ ബോട്ടിലുകൾ വിറ്റ് പോയിരുന്ന സ്ഥാനത്ത് ഇപ്പോൾ 3 മുതൽ 5 വരെയാണ് വിറ്റ്പോകുന്നത്. സ്റ്റോക്ക് ഉള്ളവ തന്നെ പല കടകളിലും കെട്ടികിടക്കുകയാണ്. വിൽപ്പനയും ഓർഡറുകളും കുറഞ്ഞതോടെ കമ്പനികൾ ഉത്പാദനവും കുറച്ചിട്ടുണ്ട്.. ആരോഗ്യവകുപ്പ്, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, കൺസ്യൂമർ ഫെഡ് സ്വകാര്യ കമ്പനികൾ തുടങ്ങിയവരാണ് കമ്പനികൾക്ക് ഓർഡർ നൽകുന്നത്.
സർക്കാർ ഓഫീസുകളിലും വ്യാപാരസ്ഥാപനങ്ങളിലും കല്ല്യാണം പോലുള്ള ആഘോഷ സ്ഥലങ്ങളിലും സാനിറ്രെസർ നിർബന്ധമായിരുന്നെങ്കിലും ഇപ്പോൾ ഉപയോഗം പേരിനുമാത്രമാണ്. ഇത്തരം സ്ഥലങ്ങളിലേയ്ക്ക് വാങ്ങിയിരുന്ന 5 ലിറ്റർ കാനിന്റെ സാനിറ്റെസർ ഇപ്പോൾ വിറ്റ് പോകുന്നേയില്ല. സർഫേസ് സാനിറ്റെസറും വിൽപ്പനയില്ല. സാനിറ്റെസർ ഉൾപ്പടെയുള്ള പ്രതിരോധ മാർഗങ്ങളെക്കുറിച്ചുള്ള ബോധവത്കരണവും പോസ്റ്ററുകളും പാടെ ഇല്ലാതായി. തരംഗങ്ങൾ വരുമ്പോൾ മാത്രംമാണ് ഇപ്പോൾ അവ പ്രത്യക്ഷപ്പെടുന്നത്.
ഓരോ തംരംഗവും കൂടുതൽ വ്യാപിക്കാൻ കാരണം സാനിട്ടെസർ, മാസ്ക്ക്, സാമൂഹ്യ അകലം എന്നിവ കുറയുന്നതാണ്. സാനിട്ടൈസർ ഉപയോഗം പരിശോധിക്കാൻ തദ്ദേശ സ്ഥാപനങ്ങളുടെയും ആരോഗ്യവിഭാഗത്തിന്റെയും സ്‌ക്വാഡുകൾ മുമ്പ് സജീവമായിരുന്നു. ഇപ്പോൾ ഇവയൊന്നും കാര്യക്ഷമമല്ല. കൊവിഡിനൊപ്പം ജീവിക്കാൻ ജനം തയ്യാറായപ്പോൾ ജാഗ്രത മറക്കുന്ന അവസ്ഥയാണ്.
@ കൊവിഡ് കുറഞ്ഞതിനൊപ്പം ജനങ്ങളുടെ ജാഗ്രതയും കുറഞ്ഞു. പലയിടങ്ങളിലും വാങ്ങി വച്ച സ്റ്റോക്കുകൾ തന്നെ വിറ്റ് പോകുന്നില്ല. 50 എണ്ണം പോയിരുന്നിടങ്ങളിൽ 5 എണ്ണമാണ് ഇപ്പോൾ വിറ്റ് പോകുന്നത്. ബബീഷ്.പി,ജനറൽ സെക്രട്ടറി, ഓൾ കേരളാ ഫാർമസിസ്റ്റ് യൂണിയൻ