പുൽപ്പള്ളി: ബലക്ഷയത്തെത്തുടർന്ന് അപകടാവസ്ഥയിലായ മുള്ളൻകൊല്ലി പഞ്ചായത്ത് ഓഫീസ് കെട്ടിടം മാറ്റിസ്ഥാപിക്കണമെന്ന് സർവ്വ കക്ഷിയോഗത്തിൽ ആവശ്യമുയർന്നു. 32 വർഷം മുമ്പ് നിർമ്മിച്ച കെട്ടിടത്തിനുള്ളിൽ ജോലി ചെയ്യാൻ ജീവനക്കാർ ഭയപ്പെടുകയാണ്.
ഷോപ്പിംഗ്‌കോംപ്ലക്സ് കെട്ടിടം എന്ന ആശയത്തിലായിരുന്നു മുള്ളൻകൊല്ലി ടൗണിൽ പഞ്ചായത്ത് ഓഫീസ് കെട്ടിടം നിർമ്മിച്ചത്. എന്നാൽ കെട്ടിടം നിർമ്മിച്ച് മൂന്ന് വർഷത്തിനുശേഷം പഞ്ചായത്ത് ഓഫീസ് ഇവിടേക്ക് മാറ്റുകയായിരുന്നു. അസൗകര്യങ്ങൾക്ക് നടുവിലാണ് കെട്ടിടമിപ്പോൾ. ജീവനക്കാർക്ക് നിന്നുതിരിയാൻ ഇടമില്ല. കുടുംബശ്രീയുടെയും വി.ഇ.ഒയുടെ ഓഫീസുകൾ പ്രവർത്തിക്കുന്നത് ഇടുങ്ങിയ മുറികളിലാണ്. ഫയലുകൾ പലയിടത്തും കുന്നുകൂടി കിടക്കുന്നു. കെട്ടിടമാകെ വിണ്ടുകീറിയ നിലയിലാണ്. പാർക്കിംഗ് സൗകര്യവുമില്ല. ഈ അവസ്ഥയിൽ കെട്ടിടം പുതുക്കി പണിയാൻ തീരുമാനിച്ചതായി പഞ്ചായത്ത് പ്രസിഡന്റ് പി.കെ.വിജയൻ പറഞ്ഞു. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ചിലർ സൗജന്യമായി കെട്ടിടം നിർമ്മിക്കാൻ സ്ഥലം വിട്ടുകൊടുക്കാൻ തയ്യാറാണെന്ന് അറിയിച്ചിട്ടുണ്ട്. എന്നാൽ പഞ്ചായത്ത് ഓഫീസ് മുള്ളൻകൊല്ലി ടൗണിൽ തന്നെയാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം. നിലവിൽ ഓഫീസ് പ്രവർത്തിക്കുന്ന കെട്ടിടത്തോട്‌ചേർന്ന് സ്ഥലം വാങ്ങി ഓഫീസ് പണിയാനാണ് നീക്കം. പുതിയ കെട്ടിടം നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം സർവ്വകക്ഷിയോഗം വിളിച്ചിരുന്നു.