പാലക്കാട്: വേനൽ കനക്കുന്നു, പാലക്കാട് ഇന്നലെ പകൽ 41 ഡിഗ്രി ചൂടാണ് രേഖപ്പെടുത്തിയത്. ഈ വർഷത്തെ ഏറ്റവും ഉയർന്ന താപനിലയാണിത്. മുണ്ടൂർ ഐ.ആർ.ടി.സിയിലാണ് ജില്ലയിലെ ഉയർന്ന താപനില 41 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയത്. കുറഞ്ഞ ചൂട് 21 ഡിഗ്രിയും ആർദ്രത 32 ശതമാനവുമാണ്.
ഇത്തവണ ഫെബ്രുവരി 28 മുതൽ മാർച്ച് മൂന്നു വരെ തുടർച്ചയായി 40 ഡിഗ്രി രേഖപ്പെടുത്തിയ ശേഷമാണ് ഇന്നലെ 41 ഡിഗ്രിയിൽ എത്തിയത്. എന്നാൽ, കഴിഞ്ഞവർഷം ഫെബ്രുവരി 28ന് തന്നെ ചൂട് 41 ഡിഗ്രിയിൽ എത്തിയിരുന്നു. പിന്നീട് കുറഞ്ഞെങ്കിലും മാർച്ച് 25, 27 തിയതികളിൽ 41 ഡിഗ്രിയും 26, 30 തീയതികളിൽ 41.05 ഡിഗ്രി സെൽഷ്യസും രേഖപ്പെടുത്തിയിരുന്നു.
പട്ടാമ്പി മേഖലയിലും ചൂട് വർധിച്ചിട്ടുണ്ട്. 37 ഡിഗ്രിയാണ് ഇന്നലത്തെ കൂടിയ താപനില. കുറഞ്ഞത് 18.2 ഡിഗിയും. ആർദ്രത രാവിലെ 93 ശതമാനവും വൈകീട്ട് 14 ശതമാനവും രേഖപ്പെടുത്തി. മലമ്പുഴയിൽ 36.4 ഡിഗ്രിയാണ് കൂടിയ ചൂട്. കുറഞ്ഞത് 24.4 ഡിഗ്രി. ആർദ്രത 23 ശതമാനം. വെള്ളിയാഴ്ച 35.3 ഡിഗ്രിയായിരുന്നു മലമ്പുഴയിലെ ഉയർന്ന താപനില.