കുന്ദമംഗലം: വിദ്യാർത്ഥികൾക്കിടയിൽ വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗത്തിനെതിരെ നടപടി ശക്തമാക്കാൻ കുന്ദമംഗലം ഗ്രാമപഞ്ചായത്ത് ഓഫീസിൽ ചേർന്ന സർവ്വകക്ഷി യോഗം തീരുമാനിച്ചു. പഞ്ചായത്ത് പരിധിയിലെ വിദ്യാലയങ്ങളിലെ പ്രൊട്ടക്ഷൻ ഗ്രൂപ്പ് സജീവമാക്കാനും, സ്കൂൾ പിടിഎ കമ്മറ്റികളുടെ നേതൃത്വത്തിൽ രക്ഷിതാക്കളുടെ യോഗം ചേർന്ന് ബോധവത്കരണം നടത്തുവാൻ വിവിധ ഗ്രൂപ്പുകളുണ്ടാക്കി. കുന്ദമംഗലം അങ്ങാടിയിലെ രണ്ട് ബസ് സ്റ്റാൻഡുകളിലും പരിസരങ്ങളിലും നിരീക്ഷണം ശക്തമാക്കാനും, സ്കൂൾ വിടുന്ന സമയങ്ങളിൽ സ്റ്റാൻഡുകളിൽ കൂടുതൽ പൊലീസ് സാന്നിദ്ധ്യം ഉറപ്പാക്കാനും യോഗം തീരുമാനിച്ചു. മയക്ക് മരുന്ന് വിൽപ്പനയും, മറ്റ് അനാശാസ്യ പ്രവർത്തനങ്ങളും വർദ്ധിച്ചതായും പരാതി ഉയർന്നതോടെയാണ് പഞ്ചായത്ത് അധികൃതർ മുൻകൈയ്യെടുത്ത് യോഗം ചേർന്നത്. പിടിഎ റഹീം എം എൽ എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജി പുൽക്കുന്നുമ്മൽ അദ്ധ്യക്ഷത വഹിച്ചു. പൊലീസ് സബ് ഇൻസ്പെക്റ്റർ എ അഷ്റഫ്, എക്സൈസ് പ്രിവന്റീവ് ഓഫീസർ പി കെ ഹരീഷ് കുമാർ, തിരുവലത്ത് ചന്ദ്രൻ, ഷബ്ന റഷീദ്, കെ സുരേഷ് ബാബു, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികൾ, സ്കൂൾ പ്രധാന അധ്യാപകർ എന്നിവർ യോഗത്തിൽ പങ്കെടുത്തു. കുന്ദമംഗലം ഹയർസെക്കണ്ടറി സ്ക്കൂളിലും സ്ക്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പിന്റെ പ്രത്യേക യോഗം ചേർന്ന് നിരീക്ഷണം നടത്തുവാനുള്ള കമ്മറ്റി രൂപീകരിച്ചു. പ്രിൻസിപ്പൽ ഒ.കല, തിരുവലത്ത്ചന്ദ്രൻ, ടി.ശിവാനന്ദൻ, കൗലത്ത് എന്നിവർ പങ്കെടുത്തു.