മാനന്തവാടി: പാരമ്പര്യ നെൽവിത്ത് സംരക്ഷകൻ ചെറുവയൽ രാമന്റെ വീട്ടിൽ കൃഷി വകുപ്പ് മന്ത്രി പി.പ്രസാദ് എത്തി. ഒരു മാസം മുമ്പ് ഓൺലൈനായി നടന്ന കൽപ്പറ്റയിലെ പ്രിൻസിപ്പൽ കൃഷി ഓഫീസിന്റെ ഉദ്ഘാടനവേളയിൽ മന്ത്രി ചെറുവയൽ രാമനോട് വീട്ടിലേക്ക് വരുമെന്ന് പറഞ്ഞിരുന്നു. ഈ വാക്ക് പാലിച്ചാണ് മന്ത്രി കമ്മന ചെറുവയലിലെ പുല്ലുമേഞ്ഞ ചെറുവയൽ തറവാടിലെത്തിയത്. മന്ത്രി വാക്കു പാലിച്ചതിലെ സന്തോഷം അറിയിച്ചാണ് രാമനും കുടുംബവും മന്ത്രിയെ വീട്ടിലേക്ക് സ്വീകരിച്ചത്. വരാന്തയിൽ പുൽപ്പായയിലിരുന്ന് മന്ത്രി തനി നാടൻ ഗ്രാമീണനായി മാറി.
രാവിലെ ഏഴരയോടെ രാമന്റെ വീട്ടിലെത്തിയ കൃഷി മന്ത്രിക്കും ഈ പൈതൃക ഭവനം വിസ്മയമായി. ഒന്നര മണിക്കൂറോളം നീണ്ട ദീർഘ സംഭാഷണത്തിൽ കൃഷി ഉപജീവനവും വരുമാനവുമായിരുന്ന സ്വന്തം നാട് ഓണാട്ടുകരയെക്കുറിച്ചും ഉത്സവങ്ങളെക്കുറിച്ചും പഴയകാലത്തെക്കുറിച്ചുമെല്ലാം മന്ത്രി പറഞ്ഞു. തനത് ഭക്ഷണ രീതികളുടെയും പരമ്പരാഗത കൃഷിയെക്കുറിച്ചുമെല്ലാം ഇരുവരും സംസാരിച്ചു.
കുട്ടികളിലും പുതിയ തലമുറയിലും കൃഷി ശീലമാകാൻ എന്തെങ്കിലും ചെയ്യണമെന്ന ചെറുവയൽ രാമനോട് വിദ്യാലയങ്ങളിൽ കൃഷി സേനയ്ക്ക് തുടക്കമിടാൻ പോവുകയാണെന്ന് മന്ത്രി പറഞ്ഞു.
അകത്തെ പത്തായപുരയും നെല്ല് സൂക്ഷിക്കുന്ന അറയുമെല്ലാം മന്ത്രിയെ കാണിച്ചു. സ്വന്തം പാടത്ത് വിളയിച്ച മരതൊണ്ടി നെല്ല് ഉരലിൽ കുത്തിവെളുപ്പിച്ച അരിയുടെ കഞ്ഞിയും വയനാടൻ ചേമ്പും പുൽപ്പായയിലിരുന്ന് മന്ത്രി രാമനോടൊപ്പം കഴിച്ചു. കുറിച്യ പരമ്പരാഗത ആയുധമായ അമ്പും വില്ലും മന്ത്രി ഒന്നു പരീക്ഷിക്കുകറയും ചെയ്തു.
മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻബേബി, എടവക ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എച്ച്.ബി.പ്രദീപ്, ജനപ്രതിനിധികൾ, കൃഷി വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവരും സന്നിഹിതരായിരുന്നു.