കൽപ്പറ്റ: സർഫാസി നിയമപ്രകാരം കർഷകർക്കെതിരെ ജപ്തി നടപടികൾ സ്വീകരിക്കുന്നതിൽ നിന്നും ബാങ്കുകൾ വിട്ട് നിൽക്കണമെന്ന് കൃഷി വകുപ്പ് മന്ത്രി പി.പ്രസാദ്. കൊവിഡ് പശ്ചാത്തലത്തിൽ എറെ പ്രയാസമനുഭവിക്കുന്ന ഇക്കാലത്ത് കർഷകരുടെ കിടപ്പാടം നഷ്ടപ്പെടുത്തുന്ന തരത്തിലുളള നടപടികൾ ബാങ്കുകൾ സ്വീകരിക്കരുത്. വീടില്ലാത്തവർക്കെല്ലാം വീട് നിർമ്മിച്ച് നൽകാനുളള പരിശ്രമങ്ങൾ ഒരു ഭാഗത്ത് നടക്കുമ്പോൾ ഉള്ള വീട്ടിൽ നിന്ന് ഒരാളെ കുടിയിറക്കുന്നത് ക്രൂരമാണ്. വിഷയത്തിൽ ബാങ്കുകൾ ബദൽ മാർഗങ്ങൾ ആലോചിക്കണമെന്നും മനുഷ്യത്വപരമായ സമീപനം ഉണ്ടാകണമെന്നും മന്ത്രി പറഞ്ഞു.

വയനാട്ടിലെ കർഷകർക്ക് ഉണ്ടായ പ്രശ്നങ്ങൾ ബന്ധപ്പെട്ട ആളുകളുടെ ശ്രദ്ധയിൽപ്പെടുത്തി അടിയന്തരമായി പരിഹരിക്കാനുളള എല്ലാ പരിശ്രമങ്ങളും കൃഷി വകുപ്പിന്റെ ഭാഗത്ത് നിന്നുണ്ടാകും. മൊറട്ടോറിയം പ്രഖ്യാപിക്കുന്ന കാര്യം പരിഗണിക്കാൻ സംസ്ഥാനതല ബാങ്കിംഗ് കമ്മിറ്റിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തിൽ അനുകൂല നടപടി ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

കർഷകനെ എക്കാലവും കൃഷിയുമായി ചേർത്ത് നിർത്താൻ സാധിക്കുന്ന തരത്തിലുളള ഇടപെടലുകൾ കൃഷി വകുപ്പ് ഉദ്യോഗസ്ഥരിൽ നിന്നുണ്ടാകണമെന്ന് മന്ത്രി പി.പ്രസാദ് പറഞ്ഞു. കൃഷി വകുപ്പുമായി ബന്ധപ്പെട്ട് ജില്ലാ ആസൂത്രണഭവനിൽ ചേർന്ന അവലോകന യോഗത്തിൽ അദ്ധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൃഷിയിലൂടെ കർഷകന് അന്തസ്സോടെ ജീവിക്കാൻ കഴിയുന്ന വരുമാനവും സാഹചര്യം ഉറപ്പാക്കാൻ ആവശ്യമായ പദ്ധതികൾ ആവിഷ്‌ക്കരിച്ച് നടപ്പാക്കുന്നതിന് ഉദ്യോഗസ്ഥർ മുൻഗണന നൽകണം.

കൃഷി ഓഫീസുകൾക്ക് ഗ്രേഡിംഗ്

കൃഷിവകുപ്പിനെ കൂടുതൽ ജനകീയമാക്കുന്നതിന്റെ ഭാഗമായി കർഷകക്ഷേമ ഇടപെടലുകളുടെ അടിസ്ഥാനത്തിൽ കൃഷിഭവനുകൾക്ക് ഗ്രേഡിംഗ് നൽകും. പ്രദേശത്തെ കാർഷിക വികസനത്തിനും കർഷകക്ഷേമം മുൻനിർത്തി നടത്തിയ പ്രവർത്തനങ്ങളും വിലയിരുത്തിയാണ് ഗ്രേഡിംഗ് നൽകുക.

പച്ചക്കറി കൃഷിയിൽ സ്വയംപര്യാപ്ത കൈവരിക്കുകയും സുരക്ഷിത ഭക്ഷണം ഉറപ്പാക്കുകയുമാണ് കൃഷിവകുപ്പ് നടപ്പാക്കുന്ന 'ഞങ്ങളും കൃഷിയിലേക്ക്' പദ്ധതിയിൽ ലക്ഷ്യമിടുന്നത്. വ്യക്തികളേയം രാഷ്ട്രീയ,സന്നദ്ധ സംഘടനകൾ, മത, സാംസ്‌ക്കാരിക സംഘടനകൾ, കോളജുകൾ, സ്‌ക്കൂളുകൾ തുടങ്ങി സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും പങ്കാളികളാക്കും. സംസ്ഥാനത്ത് ചുരുങ്ങിയത് 10000 കർഷക ഗ്രൂപ്പുകൾ സ്ഥാപിക്കുക, എല്ലാ വീടുകളിലും പോഷകത്തോട്ടം നിർമ്മിക്കുക എന്നിവയും ലക്ഷ്യമിടുന്നു.

ജില്ലയിലെ കൃഷി വകുപ്പിന്റെ പദ്ധതി നിർവ്വഹണത്തിൽ 72 ശതമാനം പുരോഗതി കൈവരിച്ചതായി പ്രിൻസിപ്പൽ കൃഷി ഓഫീസർ എ.എഫ്.ഷെർളി അറിയിച്ചു. കൃഷി വകുപ്പ് ഡയറക്ടർ ടി.വി.സുഭാഷ്, അഡീഷണൻ സെക്രട്ടറി സാബിർ ഹുസൈൻ, പ്രൈസസ് ബോർഡ് ചെയർമാൻ ഡോ. പി.രാജശേഖരൻ, പ്രിൻസിപ്പൽ ഇൻഫർമേഷൻ ഓഫീസർ ജോർജ് സെബാസ്റ്റ്യൻ, ആത്മ പ്രോജക്ട് ഡയറക്ടർ വി.കെ സജിമോൾ തുടങ്ങിയവർ പങ്കെടുത്തു.