കൽപ്പറ്റ: ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതിയിൽ മുഴുവൻ ജനങ്ങളേയും പങ്കെടുപ്പിച്ചുകൊണ്ട് ജനകീയ ഉത്സവവും വിജയവും ആക്കണമെന്ന് കൃഷിമന്ത്രി പി.പ്രസാദ് പറഞ്ഞു.
ജില്ലാ പഞ്ചായത്ത് ഹാളിൽ ചേർന്ന കൃഷി വകുപ്പ് ഉദ്യോഗസ്ഥരുമായുള്ള പദ്ധതി അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
സമൂഹത്തിലെ നാനാ തുറകളിലുള്ള ആളുകളെയും ഇതിൽ പങ്കാളികളാകണം. കൃഷിവകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങൾക്ക് പുറമേ വിവിധ സംഘടനകൾ സ്ഥാപനങ്ങൾ എന്നിവരെ ഇതിന്റെ വിജയത്തിനായി സഹകരിപ്പിക്കണം. കുടുംബശ്രീ, സാംസ്‌കാരിക രാഷ്ട്രീയ സംഘടനകൾ, ലൈബ്രറികൾ, ആശാവർക്കർമാർ, യുവജനസംഘടനകൾ പെൻഷനേഴ്സ് അസോസിയേഷൻ തുടങ്ങി എല്ലാവരെയും പങ്കെടുപ്പിച്ചുകൊണ്ട് ഇതൊരു ജനകീയ ഉത്സവമാക്കണമെന്ന് കൃഷിമന്ത്രി അഭിപ്രായപ്പെട്ടു. പദ്ധതിയുടെ പ്രചാരണത്തിനായി കലാജാഥകൾ, കാർഷിക ഉത്സവങ്ങൾ എന്നിവ സംഘടിപ്പിക്കണം.
കേരളം ക്രമേണ ജൈവകൃഷിയിലേക്ക് മാറേണ്ടതുണ്ട്. കൃഷിക്കാരന് മെച്ചപ്പെട്ട സേവനം ലഭ്യമാക്കുക, വരുമാന വർധനവ് ഉണ്ടാക്കുക എന്നതാണ് സർക്കാർ ലക്ഷ്യം
കൃഷിഭവനുകൾ പ്രവർത്തന മികവിന്റെ അടിസ്ഥാനത്തിൽ റാങ്ക് ചെയ്യും. നൂറ്റി നാല്പത് നിയമസഭാ മണ്ഡലങ്ങളിലും കർബൺ തുലിത മാതൃക കൃഷിത്തോട്ടം ഉണ്ടാക്കും. നൂറു ദിന കർമ്മ പരിപാടിയുടെ ഭാഗമായി 10000 ഹെക്ടറിൽ ജൈവ കൃഷി വ്യാപിപ്പിക്കും. ഓരോ കൃഷിഭവനിലും ഏറ്റവും നല്ല കർഷക്കാരുടെ വിജയഗാഥ പ്രസിദ്ധീകരിക്കും.
കൃഷി അഡീഷണൽ സെക്രട്ടറി സാബിർ ഹുസൈൻ ആമുഖ പ്രഭാഷണം നടത്തി.
കൃഷിവകുപ്പിന്റെ കീഴിൽ ഉള്ള എല്ലാ ഫാമുകളും ഉടൻ തന്നെ കാർബൺ ന്യൂട്രൽ കൃഷിയിലേക്ക് മാറുമെന്ന് കൃഷി ഡയറക്ടർ ടി.വി.സുഭാഷ് പറഞ്ഞു.
സോഷ്യൽ മീഡിയയിലും മറ്റും കൃഷിഭവനുകൾക്ക് എതിരെ വരുന്ന പ്രചാരണങ്ങൾ വസ്തുതാവിരുദ്ധമാണെന്ന്
സംസ്ഥാന കാർഷിക വിലനിർണയ ബോർഡ് ചെയർമാൻ ഡോ. പി.രാജശേഖരൻ പറഞ്ഞു.
ഫാം ഇൻഫർമേഷൻ ബ്യൂറോ പ്രിൻസിപ്പൽ ഇൻഫർമേഷൻ ഓഫീസർ ജോർജ് സെബാസ്റ്റ്യൻ സംസാരിച്ചു. ജില്ലാ കൃഷി ഓഫീസർ എ.എഫ്.ഷേർലി സ്വാഗതവും ആത്മ പ്രോജക്ട് ഡയറക്ടർ വി.കെ.സജിമോൾ നന്ദിയും പറഞ്ഞു.