
മുസ്ലിം ലീഗ് സംസ്ഥാന അദ്ധ്യക്ഷൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തോടെ പ്രസ്ഥാനത്തിന് നാഥനാണ് ഇല്ലാതായത്. വ്യക്തിപരമായും വലിയ നഷ്ടമാണ്. ഇടയ്ക്കിടെ വീട്ടിൽ വന്ന് ക്ഷേമം അന്വേഷിക്കുന്ന കാരണവരായിരുന്നു അദ്ദേഹം. ബാപ്പയുടെ ഖബറിടത്തിൽ പ്രാർത്ഥന നടത്തിയായിരിക്കും തിരിച്ചുപോവുക.
ഏതു പ്രതിസന്ധിയെയും നേരിടാൻ കരുത്തേകിയ ഗുരുവും പിതൃതുല്യനുമാണ്.
പാണക്കാട് പി.എം.എസ്.എ പൂക്കോയ തങ്ങളുമായി ഉറ്റബന്ധമായിരുന്നു എന്റെ ബാപ്പ സി.എച്ച്. മുഹമ്മദ് കോയയ്ക്ക്. അദ്ദേഹം കൊടപ്പനക്കൽ തറവാട്ടിൽ തങ്ങിയിരുന്നു. ഈ സമയത്ത് രാവിലെ കട്ടൻചായയുമായി മുറിയിലെത്തിയിരുന്നത് ഹൈദരലി തങ്ങളാണ്. വീട്ടിലെ പ്രധാന കാര്യങ്ങളിലെല്ലാം തീരുമാനമെടുത്തത് മുഹമ്മദലി ശിഹാബ് തങ്ങളോടും ഹൈദലി തങ്ങളോടും ചോദിച്ചാണ്. പാർട്ടിയിലുൾപ്പടെ എല്ലാറ്റിലും തങ്ങളുടെ പരിഗണന ലഭിച്ചിരുന്നു. ഞാൻ മുസ്ലിം യൂത്ത് ലീഗിന്റെ പ്രസിഡന്റായിരുന്ന കാലഘട്ടത്തിൽ സംസ്ഥാന പ്രസിഡന്റായ മുഹമ്മദലി ശിഹാബ് തങ്ങളെ കണ്ടശേഷം മലപ്പുറം ജില്ലാ പ്രസിഡന്റായ ഹൈദരലി തങ്ങളെയും കാണുന്ന ശീലമുണ്ടായിരുന്നു. യൂത്ത് ലീഗിന്റെ ഗോഡ്ഫാദർ തന്നെയായിരുന്നു അദ്ദേഹം.
രോഗമെല്ലാം മറന്നാണ് ഹൈദരലി തങ്ങൾ മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റായി ചുമതലയേറ്റത്. വിശ്രമമറിയാത്ത ജീവിതമായിരുന്നു. ചൊവ്വ, ശനി ദിവസങ്ങളിൽ വീട്ടിൽ വരുന്ന ആളുകളെ കേൾക്കുന്ന തലമുറകളായുള്ള പതിവ് അവസാനകാലം വരെ തുടർന്നു.രാഷ്ട്രീയത്തിൽ ഹൈദരലി തങ്ങൾ ശക്തമായ ഇടപെടലാണ് നടത്തിയിരുന്നത്.അധികാരത്തിൽ യു.ഡി.എഫിന്റെ തിരിച്ചു വരവ് കാണണമെന്ന ആഗ്രഹമുണ്ടായിരുന്നു. കിടപ്പിലായിട്ടും അതിനായി ശ്രമിച്ചിരുന്നു. തണൽമരമാണ് വീണുപോയത്. ഇതര സമൂഹങ്ങൾക്കും പ്രിയപ്പെട്ടവനായിരുന്നു അദ്ദേഹം. മതേതരത്വത്തിന്റെ ശക്തനായ വക്താവ് കൂടിയായിരുന്നു തങ്ങൾ.