indradhanush
മിഷൻ ഇന്ദ്രധനുഷ്

കോഴിക്കോട്: ഗർഭിണികളുടെയും രണ്ട് വയസിൽ താഴെയുള്ള കുട്ടികളുടെയും പ്രതിരോധ കുത്തിവെപ്പുകൾ പൂർത്തീകരിക്കുകയെന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന മിഷൻ ഇന്ദ്രധനുഷിന് ഇന്ന് ജില്ലയിൽ തുടക്കം. പ്രതിരോധ കുത്തിവെപ്പിൽ 90 ശതമാനത്തിൽ കുറവുള്ള കേരളത്തിലെ ഒമ്പത് ജില്ലകളുടെ പട്ടികയിലാണ് കോഴിക്കോട് ഉള്ളത്. നിലവിൽ 18,924 കുട്ടികളേയും 945 ഗർഭിണികളേയുമാണ് മിഷൻ ഇന്ദ്രധനുഷിൽ ലക്ഷ്യമിടുന്നത്. ബി.സി.ജി, ഒ.പി.വി, ഐ.പി.വി, പെന്റാവലന്റ്, റോട്ടാവൈറസ് വാക്‌സിൻ, എം.ആർ, ഡി.പി.റ്റി, ടി.ഡി തുടങ്ങിയ വാക്‌സിനുകൾ സ്വീകരിക്കാം.
മാർച്ച്, ഏപ്രിൽ, മേയ് മാസങ്ങളിൽ ഒരാഴ്ച നീളുന്ന മൂന്ന് റൗണ്ടുകളിലായാണ് വാക്സിനേഷൻ. ആദ്യഘട്ടം ഇന്നും രണ്ടാംഘട്ടം ഏപ്രിൽ 7 നും മൂന്നാംഘട്ടം മേയ് 4 നും ആരംഭിക്കും. ആരോഗ്യ കേന്ദ്രങ്ങളിലും ഫീൽഡ് തലത്തിൽ നേരിട്ടെത്തിയും കുത്തിവെപ്പിന് ക്രമീകരണം ഒരുക്കും. പ്രതിരോധ കുത്തിവെപ്പിൽ പിന്നിൽ നിൽക്കുന്ന വളയം, കുറ്റ്യാടി, തിരുവള്ളൂർ, കൊടുവള്ളി എന്നീ പ്രദേശങ്ങളിൽ കൂടുതൽ ശ്രദ്ധയൂന്നും. ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ ജില്ലാ മെഡിക്കൽ ഓഫീസർ കൺവീനറായും വിവിധ വകുപ്പ് തലവന്മാർ അംഗങ്ങളുമായുള്ള ജില്ലാതല കർമ്മ സമിതി പ്രവർത്തനങ്ങൾ വിലയിരുത്തുമെന്ന് ഡി.എം.ഒ ഡോ.വി.ഉമ്മർ ഫാറൂഖ് അറിയിച്ചു.