കോഴിക്കോട്: സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളുടെ ചൂടേറിയ സംവാദ വേദിയായി വനിതാ പാർലമെന്റ്. അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് ദേശിയ വനിതാ കമ്മിഷനും സംസ്ഥാന വനിതാ കമ്മിഷനും സംയുക്തമായി ടാഗോർ സെന്റിനറി ഹാളിൽ സംഘടിപ്പിച്ച വനിതാ പാർലമെന്റ് സ്ത്രീ പ്രാതിനിധ്യം കൊണ്ടും വിഷയത്തിന്റെ ഗൗരവത്താലും ശ്രദ്ധേയമായി.
രാഷ്ട്രീയം, വിദ്യാഭ്യാസം, നിയമ പരിപാലനം, നിയമങ്ങളിലെ സ്ത്രീപക്ഷ വീക്ഷണം, സാഹിത്യം, സിനിമ, കല, കായികം, ശാസ്ത്രം, പോഷകാഹാരക്കുറവും ആരോഗ്യ പ്രശ്‌നങ്ങളും, സ്ത്രീ ശാക്തീകരണത്തിനുള്ള സർക്കാർ പദ്ധതികൾ എന്നീ വിഷയങ്ങളിലായിരുന്നു സംവാദം.
പൊലീസിൽ സ്ത്രീ സാന്നിദ്ധ്യം ഉറപ്പുവരുത്തേണ്ടതിന്റെ ആവശ്യകതയിൽ ഊന്നിയുള്ളതായിരുന്നു കേരള ഫയർ ആൻഡ് റെസ്‌ക്യു സർവീസസ് ഡയറക്ടർ ജനറൽ ഡോ.ബി സന്ധ്യയുടെ നിയമപരിപാലനം എന്ന വിഷയാവതരണം. രാഷ്ട്രീയത്തിലെ സ്ത്രീ സാന്നിദ്ധ്യം, സംവരണം എന്നിവ സംബന്ധിച്ച് മുൻ എം. പി സി.എസ്.സുജാതയും സ്ത്രീശാക്തീകരണത്തിനായുള്ള സർക്കാർ പദ്ധതികൾ
വനിതാ ശിശുവികസന വകുപ്പ് ഡയറക്ടർ ടി.വി അനുപമയും വിശദീകരിച്ചു. ഇന്ത്യൻ എയറോനോട്ടിക്കൽ സയന്റിസ്റ്റ് ടെസി തോമസ്, ഹൈക്കോടതി സ്റ്റാന്റിംഗ് കൗൺസൽ എ.പാർവതി മേനോൻ, സംവിധായിക അഞ്ജലി മേനോൻ, മുൻ ഇന്ത്യൻ വനിതാ ഫുട്‌ബാൾ ടീം അസി.കോച്ച് പി.വി.പ്രിയ, ലോക വനിതാ ബോക്‌സിംഗ് ചാമ്പ്യൻ കെ.സി.ലേഖ, കേരള ഭക്ഷ്യ സുരക്ഷാ കമ്മിഷൻ അംഗം അഡ്വ.പി.വസന്തം, മാദ്ധ്യമപ്രവർത്തക സോഫിയ ബിന്ദ്, കോർപ്പറേഷൻ കൗൺസിലർ സി.രേഖ, ബി.എം.സുഹറ, ഡോ.കെ.എം.സോഫിയ എന്നിവരും വിവിധ വിഷയങ്ങൾ അവതരിപ്പിച്ചു. വനിതാ കമ്മിഷൻ അദ്ധ്യക്ഷ അഡ്വ.പി.സതീദേവി, കമ്മിഷൻ അംഗങ്ങളായ ഇ.എം.രാധ, ഷാഹിദാ കമാൽ, അഡ്വ.ഷിജി ശിവജി, അഡ്വ.എം.എസ്.താര തുടങ്ങിയവർ പങ്കെടുത്തു.