കോഴിക്കോട്: മലയാളികളുടെ പ്രിയപ്പെട്ട കലാഭവൻ മണി വീണ്ടും ഓർമ്മകളിൽ മുഴങ്ങി. വേർപാടിന്റെ ആറുവർഷം പൂർത്തിയായ ഇന്നലെ മണിയുടെ പാട്ടുകളെയും സിനിമകളെയും നെഞ്ചിലേറ്റിയ കൂട്ടായ്മകൾ ജില്ലയുടെ വിവിധ സ്ഥലങ്ങളിൽ കലാഭവൻ മണി അനുസ്മരണം സംഘടിപ്പിച്ചു. മാനാഞ്ചിറയിലും ടൗൺഹാളിലും നടത്തിയ അനുസ്മരണ സമ്മേളനത്തിലും നാടൻപാട്ട് വിരുന്നിലും നാടിന്റെ നാനാദേശങ്ങളിൽ നിന്ന് നിരവധിയാളുകളെത്തി. പാട്ടുകൂട്ടം കോഴിക്കോടിന്റെ ആഭിമുഖ്യത്തിൽ മാനാഞ്ചിറയിൽ വൈകീട്ട് മൂന്നുമണി മുതൽ നാടൻപാട്ടുകൾ അവതരിപ്പിച്ചു. വൈകീട്ട് 5.30ന് മണിമുഴക്കം ആറാമത് കലാഭവൻ മണി പുരസ്കാര സമർപ്പണം നടന്നു. മന്ത്രി ഏ.കെ.ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ചലച്ചിത്ര സംവിധായകൻ വി.എം.വിനു മുഖ്യാതിഥിയായി.
ടൗൺഹാളിൽ കലാഭവൻ മണി സൗഹൃദ കൂട്ടായ്മ സംഘടിപ്പിച്ച ജീവകാരുണ്യ പ്രവർത്തനവും നിർധനരായ കുടുംബങ്ങൾക്ക് വീട് നവീകരണത്തിനുള്ള ധനസഹായ വിതരണവും മന്ത്രി അഹമ്മദ് ദേവർകോവിൽ നിർവഹിച്ചു. തുടർന്ന് കലാഭവൻ പ്രജീഷ് നയിച്ച കോഴിക്കോട് മ്യൂസിക് ഒഫ് മെലഡിയുടെ ഗാനമേളയും നടന്നു.