tourism
ചോമ്പാൽ കല്ലുപാറയിൽ വിദഗ്ദ സംഘം പഠനസംഘം എത്തിയപ്പോൾ

' കടലിലെ കല്ലുപാറയെ പൈതൃക പട്ടികയിൽ ഉൾപ്പെടുത്താൻ വിദഗ്ധസംഘം പരിശോധന നടത്തി

വടകര: ചോമ്പാല കടലിലെ കല്ലുപാറകൾ ജൈവവൈവിധ്യ പൈതൃക പട്ടികയിലേക്ക് ഇടം നേടിയതോടെ കടൽ ടൂറിസത്തിന്റെ സാദ്ധ്യതകൾക്ക് ചിറക് മുളയ്ക്കുന്നു. ചോമ്പാൽ ഹാർബറിൽ നിന്ന് ഒരു കിലോമീറ്റർ അകലെ കടലിൽ അഞ്ചേക്കറിലായി സ്ഥിതിചെയ്യുന്ന വലിയ കല്ലുപാറ ജെെവവെെവിദ്ധ്യങ്ങളാൽ സമ്പന്നമാണ്.

വലിയ കല്ലുപാറയെ ജൈവവൈവിധ്യ പൈതൃക പട്ടികയിൽ ഉൾപ്പെടുത്തുന്നതിന് അഴിയൂർപഞ്ചായത്ത് നാളുകളായി പരിശ്രമം തുടരുകയാണ്.

പാറയിൽ വെള്ളത്തിന് മുകളിലായി പൊങ്ങി നിൽക്കുന്ന 150 മീറ്റർ സ്ക്വയർ വിസ്തീർണ്ണമുള്ള ഭാഗം വിവിധയിനം കടൽ പായലുകളാലും വിവിധയിനം പക്ഷികളാലും സമ്പന്നമാണ്. കടൽ ജീവികളുടെ ഒളി താവളം കൂടിയാണ് കല്ലുപ്പാറ. കടലിൽ സാധാരണ കണ്ടുവരുന്ന ചെങ്കല്ലിന് പകരം ഗ്രാനൈറ്റ് തരത്തിലുള്ളതാണ് കല്ലുപാറ. അന്യം നിന്ന് പോകുന്ന ധാരാളം സൂക്ഷ്മജീവികളും പാറയിൽ കണ്ടെത്തിയിട്ടുണ്ട്.

വിവിധയിനം കല്ലുമ്മക്കായ് സമൃദ്ധമായി വളരുന്ന പാറക്കൂട്ടം മത്സ്യത്തൊഴിലാളിയുടെ ഉപജീവന മാർഗവും കൂടിയാണ്.

കടൽതീരം,വലിയപാറ , വടകര ഭാഗത്തെ വെള്ളിയാങ്കല്ല് എന്നിവ ചേർത്ത് ടൂറിസം പദ്ധതിക്ക് വലിയ സാദ്ധ്യതയാണുള്ളത്. അഴിയൂർ ഗ്രാമപഞ്ചായത്ത് ഭരണസമിതി സംസ്ഥാന ജൈവവൈവിധ്യ ബോർഡിന് അപേക്ഷ നൽകിയതിനെ തുടർന്നാണ് കല്ലുപാറയുടെ ജൈവ വൈവിധ്യ പ്രാധാന്യം മനസ്സിലാക്കാൻ ജില്ലാതല ടെക്നിക്കൽ ഗ്രൂപ്പ് പാറയിൽ പരിശോധന നടത്തിയത്.

കോഴിക്കോട് സി.എം.എഫ്.ആർ. ഐ ( സെൻട്രൽ മറൈൻ ഫിഷറിസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ) ലെ മുഖ്യ ശാസ്ത്രജ്ഞൻ ഡോ: പി.കെ അശോകൻ, ഫാറൂഖ് കോളേജ് ബോട്ടണി വിഭാഗം മേധാവി ഡോ: കിഷോർ കുമാർ, മീഞ്ചന്ത ഗവ: ആർട്സ് ആൻഡ് കോളേജിലെ സുവോളജി അസിസ്റ്റന്റ് പ്രൊഫസർ അബ്ദുൽ റിയാസ്, ജൈവവൈവിധ്യ ബോർഡ് ജില്ല കോഡിനേറ്റർ കെ.പി മഞ്ജു, റിസർച്ച് ഫെലോ നിഖിൽ എന്നിവരടങ്ങിയ സംഘമാണ് കടലിലെ കല്ലുപാറയിൽ നേരിട്ട് പോയി പരിശോധന നടത്തിയത്. പാറയിലെ 22 ഇനം സാമ്പിളുകൾ പഠനത്തിനായി ശേഖരിക്കുകയും ചെയ്തു. അഴിയൂർ ഗ്രാമപഞ്ചായത്ത്‌ സെക്രട്ടറി ടി ഷാഹുൽഹമീദ്, പഞ്ചായത്ത് ജൈവവൈവിധ്യ പരിപാലന കമ്മിറ്റി കൺവീനർ പികെ പ്രകാശൻ, ഒ ടി ബാബു, പഞ്ചായത്ത് പ്രൊജക്റ്റ്‌ അസിസ്റ്റന്റ് കെ കെ സഫീർ എന്നിവർ സംഘത്തിലുണ്ടായിരുന്നു. ബോട്ടുകൾ പാറയിൽ ഇടിച്ചുണ്ടാകുന്ന അപകടം ഒഴിവാക്കുവാൻ സോളാർ സിഗ്നൽ ലൈറ്റുകൾ പാറയിൽ സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടു.

കല്ലുപാറയിൽ നിന്നു ശേഖരിച്ച 22 ഇനം സാമ്പിളുകളുടെ പഠന റിപ്പോർട്ട് വേഗത്തിൽ സംസ്ഥാന ജൈവവൈവിധ്യ ബോർഡിന് നൽകും'' കെ.പി മഞ്ജു -ജില്ലാ കോഡിനേറ്റർ ജൈവവൈവിധ്യ ബോർഡ്