img20220306
ജില്ല പഞ്ചായത്ത് പ്രസിഡൻഡ് ഷീജ ശശിയുടെ നേതൃത്വത്തിൽ കുടരഞ്ഞിയിൽ നടത്തിയ സന്ദർശനം

മുക്കം: ജില്ലയിലെ മലയോര മേഖലയിൽ ഫാം ടൂറിസത്തിന്റെ സാദ്ധ്യതകൾ തളിർക്കുന്നു. കാർഷികവൃത്തി ജീവിതോപാധിയായി സ്വീകരിച്ച മാതൃകാകർഷകരെയും അവരുടെ വ്യത്യസ്തമായ കൃഷി രീതികളും ഫാമുകളും കാണാനും പഠിക്കാനും ഒരു ദിവസം ഉല്ലാസകരമായി ചെലവിടാനും ടൂറിസ്റ്റുകൾക്ക് അവസരം നൽകുന്നതാണ് ഫാം ടൂറിസം.തെങ്ങ്, കവുങ്ങ്,ജാതി, പച്ചക്കറി, വിവിധ ക്യഷികൾ അടങ്ങുന്ന സമ്മിശ്രകൃഷി, പശു, ആട്,കോഴി, തേനീച്ച,മത്സ്യം എന്നിവ വളർത്തൽ തുടങ്ങിയ വിവിധ മാതൃകാ ഫാമുകളും മൂല്യവർദ്ധിത ഉത്പന്ന നിർമ്മാണ യൂണിറ്റുകളും മലയോരത്തെ ടൂറിസ്റ്റ് കേന്ദ്രങ്ങളും ഉൾപ്പെടുന്ന ടൂർ പാക്കേജാണ് ഫാം ടൂറിസത്തിൽ പരിഗണിക്കുന്നത്.

തുടക്കത്തിൽ ഏകദിന പാക്കേജാണ് നടപ്പാക്കുക .ഒരു ദിവസത്തെ യാത്രയിൽ പരമാവധി ഫാമുകൾ സന്ദർശിക്കാനുള്ള അവസരമെരുക്കും. കൊടുവള്ളി ബ്ലോക്ക് പഞ്ചായത്തിൻെറ കീഴിലുള്ള പുതുപ്പാടി, കോടഞ്ചേരി, ഓമശ്ശേരി, തിരുവമ്പാടി, കൂടരഞ്ഞി തുടങ്ങിയ അഞ്ചു പഞ്ചായത്തുകളിലാണ് പൈലറ്റ് പ്രോജക്ട് നടപ്പിലാക്കുക.

ഇവയിൽ ഓരോന്നിലും 10 വീതം കർഷകരെ കണ്ടെത്തും. അതിനുള്ള പഠനയാത്രകൾ ഇതിനകം നടത്തി കഴിഞ്ഞു.

അതേ സമയം ഫാം ടൂർ ആശയത്തിന്റെ മുഖ്യ ഘടകമായ 'ഫാം സ്റ്റേ' യോട് വൈമുഖ്യമുള്ളവരുമുണ്ട്. നാട്ടിൻ പുറത്ത് നിലവിലുള്ള മറ്റ് സർവ്വീസ് വില്ലകൾ, ഫാം ഹൗസുകൾ, റിസോർട്ടുകൾ തുടങ്ങിയവ ഉപയോഗിച്ച് ഈ അസൗകര്യം മറികടക്കാനാവുമെന്നാണ് കണക്കുകൂട്ടൽ . ജനുവരിയിൽ ജില്ല പഞ്ചായത്ത് പ്രസിഡന്റിന്റെ അദ്ധ്യക്ഷതയിൽ ഫാം ടൂറിസവുമായി ബദ്ധപ്പെട്ട് ചേർന്ന യോഗത്തിൽ ഉയർന്ന ആശയങ്ങൾ ക്രോഡീകരിച്ച് ഒരു പ്രൊജക്റ്റ് പ്രൊപ്പോസൽ തയ്യാറാക്കുവാൻ ടീമിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശിയുടെയും വികസന കാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ വി.പി.ജമീലയുടെയും നേതൃത്വത്തിൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥരുമടങ്ങുന്ന സംഘം ഈ സ്ഥലങ്ങൾ സന്ദർശിക്കുകയും കർഷകരുമായി ആശയ വിനിമയം നടത്തുകയും ചെയ്തു. ലിന്റോ ജോസഫ് എം.എൽ.എ പ്രധാന കേന്ദ്രങ്ങളിൽ സന്ദർശനം നടത്തി.

മലയോര മേഖലയിൽ ട്യൂറിസം പദ്ധതിക്ക് ആവശ്യമായ തുക അടുത്ത ബജറ്റിൽ വകയിരുത്താൻ ധനമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ലിന്റോ ജോസഫ് എം.എൽ.എ