കൽപ്പറ്റ: വനിതാദിനത്തോടനുബന്ധിച്ച് വനിതാ മാധ്യമ പ്രവർത്തകരും കേരളത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഇരുപത്തഞ്ചിലധികം വനിതാ യൂടൂബർമാരും ചീങ്ങേരി മല കയറി. ലോകം യുദ്ധഭീതിയിൽ നിൽക്കുമ്പോൾ കൂടുതൽ ദുരിതം പേറേണ്ടി വരുന്ന സ്ത്രീകൾക്കും കുട്ടികൾക്കും ഐക്യദാർഢ്യം പ്രഖ്യാപിച്ചായിരുന്നു പരിപാടി. ഡി.ടി.പി.സിയുടെയും ഗ്ലോബ് ട്രക്കേഴ്സിന്റേയും വിവിധ മാധ്യമ പ്രവർത്തക സംഘടനകളുടെയും നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. അമ്പതിലധികം വനിതകൾ പങ്കെടുത്തു.
സാഹസികതയും ദൃശ്യഭംഗിയും ചേർന്ന ചീങ്ങേരി മലയിലേക്കുള്ള ട്രക്കിങ് വ്‌ളോഗർമാർ തങ്ങളുടെ പ്രേക്ഷകർക്കായി പങ്കുവെച്ചു.
വയനാട് ഡി.ടി.പി.സി, ആൾ കേരള ടൂറിസം അസോസിയേഷൻ, മീഡിയവിംഗ്സ്, കേരള റിപ്പോർട്ടേഴ്സ് ആൻഡ് മീഡിയ പേഴ്സൺസ് യൂണിയൻ, ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്സ് അസോസിയേഷൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.