സുൽത്താൻ ബത്തേരി: ഭക്ഷ്യ മാംസത്തിനായി ഇതര സംസ്ഥാനങ്ങളെ ആശ്രയിക്കുന്നതിൽ മാറ്റമുണ്ടാകണമെന്നും മാംസ ഉൽപാദന രംഗം ശക്തിപ്പെടുത്താനുളള പദ്ധതികൾ പ്രാദേശികതലങ്ങളിൽ തന്നെ ആവിഷ്‌ക്കരിച്ച് നടപ്പാക്കണമെന്നും ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി. ക്ഷീര വികസന വകുപ്പും ബ്രഹ്മഗിരിയും സംയുക്തമായി നടപ്പിലാക്കിയ വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. നിലവിൽ ഇറച്ചി ഉൽപ്പാദനത്തിൽ ഇതര സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ട സ്ഥിതിയാണ് സംസ്ഥാനത്തിനുളളത്. പൗൾട്രി കോർപ്പറേഷനൊപ്പം കെപ്‌കോ, കുടുബശ്രീ, ബ്രഹ്മഗിരി പോലുള്ള സ്ഥാപനങ്ങളിലൂടെ വിവിധ പദ്ധതികൾ ഒരുക്കി മാംസ സ്വയംപര്യാപ്തത കൈവരിക്കാനാവും.
ക്ഷീര വികസന വകുപ്പിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച ട്രെയിനിംഗ് ഹാൾ, കാന്റീൻ, മോഡൽ ഫാം, നെൻമേനി കൃഷിഭവൻ മുഖേന സ്റ്റേറ്റ് ഹോർട്ടികൾച്ചർ മിഷൻ ധനസഹായത്തോടെ നിർമ്മിച്ച മോഡൽ കോഫി നഴ്സറി (ഷേയ്ഡ് നെറ്റ് ഹൗസ്) എന്നിവയുടെ ഉദ്ഘാടനം മന്ത്രി നിർവ്വഹിച്ചു. ചടങ്ങിൽ ഒ.ആർ.കേളു എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ക്ഷീര വികസന വകുപ്പ് ഡയറക്ടർ വി.പി.സുരേഷ് കുമാർ ഡിപ്പാർട്ട്‌മെന്റ് സ്റ്റോറിന്റെ ഉദ്ഘാടനം നിർവഹിച്ചു. ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.അസൈനാർ, ജില്ലാ പഞ്ചായത്ത് അംഗം സുരേഷ് താളൂർ, ബ്ലോക്ക് പഞ്ചായത്ത് അംഗം പി.കെ.സത്താർ, ഗ്രാമപഞ്ചായത്ത് അംഗം ദീപ ബാബു, ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. കെ.കെ.ബേബി, സി.പി.ഐ ജില്ലാ സെക്രട്ടറി വിജയൻ ചെറുകര, കെപ്‌കോ ചെയർമാൻ പി.കെ.മൂർത്തി, ബ്രഹ്മഗിരി വൈസ് ചെയർമാൻ കെ.ജെ.പോൾ, ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ പി.എസ്.ബാബുരാജ് എന്നിവർ പങ്കെടുത്തു.
എല്ലാ ജില്ലകളിലും ടെലിവെറ്ററിനറി യൂണിറ്റുകൾ സ്ഥാപിക്കും: മന്ത്രി
മാനന്തവാടി: കേരളത്തിലെ എല്ലാ ജില്ലകളിലും ടെലിവെറ്ററിനറി യൂണിറ്റുകളും ബ്ലോക്കുകളിൽ ആധുനിക സൗകര്യത്തോട് കൂടിയ വെറ്ററിനറി ആംബുലൻസ് സംവിധാനവും ഒരുക്കുമെന്ന് ക്ഷീര വികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി. മാനന്തവാടിയിൽ ജില്ലാ ക്ഷീരസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. ഒ.ആർ കേളു എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ക്ഷീര വികസന വകുപ്പ് ഡയറക്ടർ വി.പി.സുരേഷ്‌കുമാർ ആമുഖ പ്രഭാഷണം നടത്തി. ക്ഷീരമേഖലയിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ച തദ്ദേശസ്ഥാപനം, ക്ഷീരസംഘം, മികച്ചകർഷകൻ, 15 വർഷം പൂർത്തീകരിച്ച സംഘം പ്രസിഡന്റുമാർ എന്നിവരെ ചടങ്ങിൽ ആദരിച്ചു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി, വൈസ് പ്രസിഡന്റ് എ.കെ.ജയഭാരതി, നഗരസഭാ ചെയർപേഴ്സൺ സി.കെ.രത്നവല്ലി, വൈസ് ചെയർമാൻ പി.വി.എസ് മൂസ, നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സിന്ധു സെബാസ്റ്റ്യൻ, എടവക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എച്ച്.ബി.പ്രദീപ്, കൗൺസിലർ വി.കെ.സുലോചന, മിൽമ ചെയർമാൻ കെ.എസ്. മണി, ക്ഷീരവികസനവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഉഷാദേവി, തുടങ്ങിയവർ പങ്കെടുത്തു.
ക്ഷീരവികസനവകുപ്പും ജില്ലയിലെ ക്ഷീര സഹകരണ സംഘങ്ങളും സംയുക്തമായി നടത്തിയ സംഗമത്തിന് മാനന്തവാടി ക്ഷീരോല്പാദക സഹകരണ സംഘമാണ് ആതിഥേയത്വം വഹിച്ചത്. സെമിനാറുകൾ, ശിൽപ്പശാലകൾ, കലാമത്സരങ്ങൾ, പ്രദർശന വിപണനമേള തുടങ്ങിയവ സംഘടിപ്പിച്ചു.