മാനന്തവാടി: ക്ഷീര കർഷകർക്ക് മിതമായ നിരക്കിൽ സംസ്‌കരിച്ച വൈക്കോൽ നൽകാൻ മിൽമയുടെ പദ്ധതി. മിൽമ ഫോഡർ ഹബ്ബിന്റെ ഉദ്ഘാടനം ക്ഷീര വികസന വകുപ്പുമന്ത്രി ജെ. ചിഞ്ചുറാണി നിർവഹിച്ചു. മിൽമ ചില്ലിങ് പ്ലാന്റിൽ നടന്ന ചടങ്ങിൽ ഒ.ആർ.കേളു എംഎൽഎ അദ്ധ്യക്ഷത വഹിച്ചു. വൈക്കോൽ സംഭരിച്ച് മിതമായ നിരക്കിൽ വിതരണം ചെയ്യുന്നതിനായി കേരള സർക്കാരിന്റെ റീ ബിൽഡ് കേരള ഇനീഷ്യേറ്റീവ് പദ്ധതിയിൽ ഉൾപ്പെടുത്തി രണ്ടു കോടി രൂപ ചെലവിൽ ആവിഷ്‌കരിച്ചതാണ് പദ്ധതി. മൂന്നു ഫോഡർ ഹബ്ബുകളാണ് പദ്ധതിയുടെ ഭാഗമായുള്ളത്.
തീറ്റപ്പുൽ ആവശ്യത്തിന് ലഭിക്കാതിരിക്കുകയും ഉള്ളവ പ്രതികൂല കാലാവസ്ഥയിൽ നശിച്ചു പോകുകയും ചെയ്യുന്ന അവസ്ഥയ്ക്ക് പരിഹാരമായി വിളവെടുപ്പു കാലത്ത് വൈക്കോൽ വ്യാപകമായി സംഭരിച്ച് സംസ്‌കരിച്ച് സൂക്ഷിക്കുകയാണ് പദ്ധതിയിലൂടെ ചെയ്യുന്നത്. പഞ്ഞ കാലത്ത് മിതമായ നിരക്കിൽ ഈ വൈക്കോൽ ക്ഷീര കർഷകർക്ക് വിതരണം ചെയ്യും. തീറ്റപ്പുൽ സംഭരണത്തിനായി മിൽമയുടെ നേതൃത്വത്തിലുള്ള സംസ്ഥാനത്തെ ആദ്യ പദ്ധതിയാണ് ഉദ്ഘാടനം ചെയ്തത്.
ചടങ്ങിൽ മുനിസിപ്പൽ ചെയർപേഴ്സൺ സി.കെ.രത്നവല്ലി, കൗൺസിലർ മാർഗരറ്റ് തോമസ്, എംആർഡിഎഫ് സിഇഒ ജോർജ്ജ് കുട്ടി ജേക്കബ്, മലബാർ മിൽമ ഡയറക്ടർ എസ്.സനോജ് എന്നിവർ സംസാരിച്ചു. മിൽമ ചെയർമാൻ കെ.എസ്.മണി സ്വാഗതവും, മലബാർ മിൽമ മാനേജിംഗ് ഡയറക്ടർ ഡോ. പി.മുരളി നന്ദിയും പറഞ്ഞു.
ഗോപാൽ രത്ന പുരസ്‌കാരം ദീപ്തിഗിരി ക്ഷീരോത്പാദക സംഘത്തിന് മന്ത്രി കൈമാറി. ജില്ലയിലെ മികച്ച ബിഎംസി സംഘമായി തെരഞ്ഞെടുത്ത കല്ലോടി ക്ഷീരോത്പാദക സംഘത്തിനും ജില്ലയിലെ മികച്ച ഗുണമേന്മയുള്ള പാൽ നൽകിയ ക്ഷീര സംഘമായ പനവല്ലി സംഘത്തിനും ഉപഹാരം നൽകി,