
കോഴിക്കോട്: തലചായ്ക്കാനിടമില്ലാത്തവർക്ക് വീടുകെട്ടാൻ മണ്ണൊരുക്കി അദ്ധ്യാപികയുടെ വനിതാദിന സമ്മാനം. കൊയിലാണ്ടി കീഴരിയൂർ പഞ്ചായത്തിലെ റിട്ട. അദ്ധ്യാപിക വി. രാധ എന്ന രാധമ്മയാണ് പിതാവിൽ നിന്ന് വീതമായി കിട്ടിയ തലക്കുളത്തൂർ പഞ്ചായത്തിലെ പതിനെട്ടേകാൽ സെന്റ് സ്ഥലം പാവപ്പെട്ടവർക്കായി ദാനം നൽകിയത്. ഇന്നലെ കോഴിക്കോട് ടൗൺഹാളിൽ നടന്ന ചടങ്ങിൽ തദ്ദേശ സ്വയംഭരണ മന്ത്രി എം.വി. ഗോവിന്ദന് സമ്മതപത്രം കൈമാറി. തലക്കുളത്തൂർ പഞ്ചായത്തിലെ മുപ്പതോളം വരുന്ന ഭവനരഹിതർക്ക് ലൈഫ് പദ്ധതിയിൽ ഫ്ലാറ്റ് പണിയാൻ രാധമ്മ നൽകിയ ഭൂമി ഉപയോഗിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ. പ്രമീള പറഞ്ഞു.
ഭൂമിയില്ലാത്തതിനാൽ വീടെന്ന മോഹം പൂവണിയാത്തവരുടെ സങ്കടം പത്രങ്ങളിലും മറ്റും കാണുമ്പോൾ മനസ്സ് നോവുമായിരുന്നെന്ന് രാധമ്മ പറയുന്നു. ഭൂമിയുണ്ടെങ്കിൽ വീടുവച്ചുകൊടുക്കാൻ സർക്കാർ സംവിധാനമുണ്ടെന്നറിഞ്ഞ് മക്കളുടെ അനുവാദത്തിന് കാത്തുനിൽക്കാതെയാണ് ഭൂമിദാനത്തിന് രാധമ്മ തീരുമാനിച്ചത്. താമസിക്കാൻ വീടും ചുറ്റും സ്ഥലവുമുണ്ട്. മക്കൾക്ക് ജോലിയും ജീവിത സൗകര്യവുമുണ്ട്. അപ്പോൾ പിന്നെ തനിക്കായി പിതാവ് കരുതിവച്ച ഭൂമി അർഹതയുള്ളവർക്ക് ഉപകാരമാവട്ടെയെന്ന് കരുതിയെന്ന് രാധമ്മ പറഞ്ഞു.
കൊയിലാണ്ടി ഗവ. മാപ്പിള വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂൾ അദ്ധ്യാപികയായിരുന്നു രാധമ്മ. പൊതുപ്രവർത്തകനും ലൈബ്രറി കൗൺസിൽ പ്രവർത്തകനുമായിരുന്ന പരേതനായ ഇ.കെ. ദാമു നായരാണ് ഭർത്താവ്. നാലുമക്കളുണ്ട്. പിതാവ് ടി. രാഘവൻ കോഴിക്കോട് കോർപ്പറേഷൻ ജീവനക്കാരനായിരുന്നു.