tour
ഉല്ലാസയാത്ര

കോഴിക്കോട്: സഞ്ചാരപ്രിയരായ പെണ്ണുങ്ങൾക്കായി കെ.എസ്.ആർ.ടി.സി താമരശ്ശേരി ഡിപ്പോ ഒരുക്കുന്ന 'വുമൺ ട്രാവൽ വീക്ക് ' വിനോദ യാത്രയ്ക്ക് ആവേശകരമായ തുടക്കം. അന്താരാഷ്ട്ര വനിതാ ദിനത്തിൽ തുടക്കമിട്ട വിനോദയാത്ര ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി ഉദ്ഘാടനം ചെയ്തു.
മാർച്ച് എട്ടു മുതൽ 13 വരെ വനിതകൾക്ക് മാത്രമായി പ്രത്യേക വിനോദയാത്രാ പാക്കേജാണ് ഡിപ്പോ ഒരുക്കിയിട്ടുള്ളത്.
പുലർച്ചെ നാലിന് നെല്ലിയാമ്പതിയിലേക്ക് രണ്ട് ബസുകളും വണ്ടർലയിലേക്ക് ഒരു ബസും യാത്ര ആരംഭിച്ചു. പെണ്ണകം വനിതാ കൂട്ടായ്മയുടെ നേതൃത്വത്തിൽ ഡിപ്പോയിൽ നിന്ന് 6.30ന് വയനാട്ടിലേക്കും യാത്ര തിരിച്ചു.
തുഷാരഗിരി, വനപർവം, പൂക്കോട്, നെല്ലിയാമ്പതി, മൂന്നാർ സർവീസുകൾക്കും ഗവി, വാഗമൺ സർവീസിനും പുറമെ വണ്ടർലാ അമ്യൂസ്‌മെന്റ് പാർക്ക്, എടയ്ക്കൽ, കൊടൈക്കനാൽ, മൈസൂർ എന്നിവിടങ്ങളിലേക്കുമാണ് യാത്രകൾ സംഘടിപ്പിക്കുന്നത്. സ്ത്രീകൾക്ക് ഒറ്റയ്ക്കും കൂട്ടായും പങ്കാളികളാവാം. യാത്രയിൽ ഡ്രൈവറായും ടൂർ കോ ഓർഡിനേറ്റർമാരായും വനിതകളെ ഉൾപ്പെടുത്താനുള്ള തയ്യാറെടുപ്പിലാണ് ഡിപ്പോ അധികൃതർ. ബാലുശ്ശേരി ബസ്‌സ്റ്റാൻഡിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ ബാലുശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് രൂപലേഖ കൊമ്പിലാട്, അസി.ട്രാൻസ്‌പോർട്ട് ഓഫീസർ പി.ഇ.രഞ്ജിത്, ബഡ്ജറ്റ് ടൂറിസം സെൽ ജില്ലാ കോ ഓർഡിനേറ്റർ ബിന്ദു, കെ.ബൈജു, കെ.റാണി, പെണ്ണകം വനിതാ കൂട്ടായ്മ പ്രസിഡന്റ് ഗിരിജാ പാർവതി, സെക്രട്ടറി ബിന്ദു, അബിജ തുടങ്ങിയവർ പങ്കെടുത്തു.