സുൽത്താൻ ബത്തേരി: പുരുഷന്മാർ കയ്യടക്കിവന്ന ചായക്കടചർച്ച സ്ത്രീകൾ ഏറ്റെടുത്തതോടെ വീട്ടുകാര്യങ്ങൾക്കും നാട്ടുകാര്യങ്ങൾക്കും പുറമെ ചർച്ച അന്താരാഷ്ട്ര തലത്തിലേക്ക് വരെ ചെന്നെത്തി​. അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് ആരോഗ്യ കേരളത്തിന് കീഴിൽ സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിൽ പ്രവർത്തിക്കുന്ന ഭൂമികയുടെ നേതൃത്വത്തിലായിരുന്നു ചർച്ച
ചർച്ച. പ്രതീകാത്മകമായിട്ടായിരുന്നു നടത്താൻ തീരുമാനിച്ചിരുന്നെതെങ്കിലും ശരിക്കും ചായക്കടയിൽവെച്ച് ചായകുടിച്ചുകൊണ്ട്തന്നെയാണ് ചർച്ചയ്ക്ക് തുടക്കം കുറിച്ചത്. നാട്ടിൻപുറങ്ങളിൽ ഉള്ള ചായക്കടയെ അനുസ്മരിച്ചുകൊണ്ട് കടയിൽ ഇട്ടിരുന്ന ദിനപത്രത്തിലെ വാർത്തകൾ വായിച്ച് വിശകലനം ചെയ്തുകൊണ്ടായിരുന്നു ചർച്ച തുടങ്ങിയത്. കാർഷിക മേഖലയായ വയനാട്ടിലെ സാമ്പത്തിക പ്രതിസന്ധിയും രാഷ്ട്രീയവും, യുക്രെയിനിൽ നടക്കുന്ന യുദ്ധവുമൊക്കെ ചർച്ചാവിഷയമായി. ഒപ്പം സ്ത്രീകളുടെ അധികാര അവകാശങ്ങളും ചർച്ചയായി​.
വിവിധ മേഖലകളിൽ കൂലി പണി എടുക്കുന്ന സ്ത്രീകൾ മുതൽ സർക്കാർ ജീവനക്കാർ വരെ ചർച്ചയിൽ പങ്കാളികളായി. സ്ത്രീകൾ ചായക്കടയിലിരുന്ന് ശബ്ദമുയർത്തി സംസാരിക്കുന്നത് അപരാധമായി കണ്ടിരുന്ന കാലം മാറി. ഇന്ന് സ്ത്രീക്കും പുരുഷനും തല്യഅവകാശവും അധികാരവുമാണെന്ന് എല്ലാവരെയും ബോധ്യപ്പെടുത്തികൊണ്ടായിരുന്നു ചായക്കട ചർച്ച. വനിത നിയമപാലകർ ഉൾപ്പെടെയുള്ളവർ ചർച്ചയിൽ സജീവമായി പങ്കുചേർന്നു.
ബത്തേരിയിൽ വനിതകൾ നടത്തിവന്ന ചായകട കേന്ദ്രീകരിച്ചായിരുന്നു ഭൂമികയുടെ നേതൃത്വത്തിൽ ഞങ്ങളിടം എന്ന പേരിൽ ചായക്കട ചർച്ചയുമായി ക്യാമ്പയിൻ സംഘടിപ്പിച്ചത്. ബത്തേരിക്ക് പുറമെ മാനന്തവാടി, മേപ്പാടി എന്നിവിടങ്ങളിലും വനിതകളുടെ ചായക്കട ചർച്ച നടന്നു.
സ്ത്രീകൾ സമൂഹത്തിന്റെ എല്ലാ മേഖലകളിലും പുരുഷന്മാരെപോലെ തന്നെ മുഖ്യ ധാരയിലേക്ക് ഉയർന്നു വരണമെന്നും ,ലിംഗ സമത്വം ഉണ്ടാകണമെന്നുമുള്ള വാദം ഉയർത്തി പിടിക്കുമ്പോഴും, അത് യാഥാർത്ഥ്യമാക്കാൻ സമൂഹത്തിന്റെ താഴെ തട്ടിൽ നിന്ന് തന്നെ ആരംഭിക്കണമെന്ന സന്ദേശവുമാണ് ഈ ക്യാമ്പെയിനിലൂടെ ഉയർത്തിപ്പിടിക്കുന്നത്.